
















സമീക്ഷ യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വടംവലി മത്സരം ആവേശകം നിറഞ്ഞ പോരാട്ടമായി. ബര്‍മിംഗ്ഹാമിലെ ടിപ്ടണ്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ 16 ടീമുകളും വനിതാ വിഭാഗത്തില്‍ നാല് ടീമുകളും മാറ്റുരച്ചു.

വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കും വ്യക്തിഗത മികവ് തെളിയിച്ചവര്‍ക്കും ട്രോഫികള്‍ നല്‍കി.
പുരുഷ വിഭാഗത്തില്‍ ജേതാക്കളാകുന്ന ടീമിന് എവറോളിങ് ട്രോഫിക്കൊപ്പം 1504 പൗണ്ട് സമ്മാനത്തുകയായി ലഭിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് 704- പാണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 304-പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 204പൗണ്ടും ട്രോഫിയും സമ്മാനത്തുകയായി ലഭിച്ചു. അഞ്ചു മുതല്‍ എട്ടുവരെ സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് 154 പൗണ്ടും ട്രോഫികളും സമ്മാനിച്ചു.
ടണ്‍ബ്രിഡ്ജ് വെല്‍സ് ടസ്‌കേഴ്സ് കിങ്‌സ് ഈ വര്‍ഷം വിജയ കിരീടം ചൂടിയപ്പോള്‍ വൂര്‍സെസ്റ്റര്‍ തെമ്മാഡിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി .കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ സ്റ്റോക്ക് ലയണ്‍ വാരിയെഷ്സ് മൂന്നാം സ്ഥാനവും ഹെരിഫോര്‍ഡ് അച്ചായന്‍സ് നാലാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റോക്ക് ലയണ്‍ ചാമ്പ്യന്‍സ് (അഞ്ചാം സ്ഥാനം), കൊമ്പന്‍സ് കാന്റര്‍ബറി (ആറാം സ്ഥാനം), ടണ്‍ബ്രിഡ്ജ് വെല്‍സ് ടസ്‌കേഴ്സ് റോയല്‍സ് (ഏഴാം സ്ഥാനം), ആഹാ ഓള്‍ഡ്ഹാം ( എട്ടാം സ്ഥാനം ) എന്നിവയാണ് സ്വന്തമാക്കിയത്.

മത്സരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ ബെസ്റ്റ് പുള്ളര്‍ ആയി തിരഞ്ഞെടുത്ത് ട്രോഫിയും ഗിഫ്റ്റ് വൗച്ചറും നല്‍കി. കൂടാതെ ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ഫെയര്‍ പ്ലേ, അപ്കമിങ് ടീം എന്നീ പുരസ്‌കാരങ്ങളും സമ്മാനിച്ചു.
ബെസ്റ്റ് പുള്ളറായി ടിനു ( സ്റ്റോക്ക് ലയണ്‍ ചാമ്പ്യന്‍സ്), ബെസ്റ്റ് ഫ്രണ്ടായി കണ്ണന്‍ ( ടണ്‍ബ്രിഡ്ജ് വെല്‍സ് ടസ്‌കേഴ്സ് കിങ്‌സ്),ബെസ്റ്റ് ബാക്കായി എബിന്‍ ചാക്കോ (ഹെരിഫോര്‍ഡ് അച്ചായന്‍സ്) അപ്പ് കമിങ് ടീമായി ഷാഡോസ് കിങ്ങ്സിലിന്‍, ഫെയര്‍പ്ലേ അവാര്‍ഡ് ആഷ്ടണ്‍ വാരിയേഴ്‌സ്ും സ്വന്തമാക്കി.
വനിതകള്‍ക്കായി ആദ്യമായാണ് സമീക്ഷ മത്സരം സംഘടിപ്പിച്ചത് . നാല് ടീമുകള്‍ പങ്കെടുത്ത മത്സരം ആവേശകരമായി. ജേതാക്കള്‍ക്ക് 501 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 101 പൗണ്ടും വീതവും ട്രോഫിയേ്ക്കാപ്പം സമ്മാനമായി നല്‍കി.

വാശിഏറിയ പോരാട്ടത്തില്‍ ലിമ ലിവര്‍പൂള്‍ സമീക്ഷയുടെ ആദ്യ വനിതാ കിരീടം ചൂടി. ക്വീന്‍സ് ഓള്‍ഡ്ഹാം രണ്ടാം സ്ഥാനവും സ്റ്റോക്ക് എലൈറ്റ് , സെക്കന്റ് സിറ്റി സ്‌ട്രൈക്കേഴ്‌സ് ബര്‍മിംഗ്ഹാം എന്നിവര്‍ മൂന്നും നാലും സ്ഥാനവും കരസ്ഥമാക്കി.
വനിതാ ടീമില്‍ നിന്ന് ബെസ്റ്റ് ഫ്രണ്ടായി ഷെര്‍ലി (ലിമ ലിവര്‍പൂള്‍), ബെസ്റ്റ് ബാക്കായി വര്‍ഷ (സ്റ്റോക്ക് എലൈറ്റ് ),മോസ്റ്റ് വാല്യുബിള്‍ പ്ലെയേഴ്‌സായി സെക്കന്റ് സിറ്റി സ്‌ട്രൈക്കേഴ്‌സ് ബര്‍മിംഗ്ഹാമും തെരഞ്ഞെടുക്കപ്പെട്ടു.
തിങ്ങിനിറഞ്ഞ കാണികളുടെ സാന്നിധ്യം മത്സരത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു. ഇടവേളകളില്‍ ക്രിസ്റ്റ മരിയ ഇഷികയുടെ മനോഹരമായ ഗാനാലാപനം ശ്രദ്ധേയമായി. കായികമത്സരവും കലാപരിപാടികളും സമന്വയിച്ച ചടങ്ങ് പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും മികച്ച അനുഭവമായി.

രാവിലെ നടന്ന വടംവലി മത്സരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ അല്‍ യാസീന്‍ സിദ്ധിഖ് സ്വാഗതം ആശംസിച്ചു. നാഷണല്‍ പ്രസിഡന്റ് രാജി ഷാജി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ശ്രീകാന്ത് കൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. നാഷണല്‍ സെക്രട്ടറി ജിജു സൈമണ്‍ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈകിട്ട് 7 മണിക്ക് സമാപന സമ്മേളനവും സമ്മാനദാനച്ചടങ്ങും നടന്നു. 2015-ല്‍ മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ രമണി ടീച്ചറുടെ സാന്നിധ്യം ചടങ്ങിന് ഏറെ ശ്രദ്ധേയമായി.പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബര്‍മിംഗ്ഹാം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുല്‍ എം. സാബു നന്ദി രേഖപ്പെടുത്തി.