
















യുകെ വിന്ററിലേക്ക് കടക്കുന്നതിന് മുന്നോടിയായി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ അവസരം നല്‍കി സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് ഇന്നെത്തും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ കാറ്റിനുള്ള ആംബര്‍ മുന്നറിയിപ്പാണ് നിലവിലുള്ളത്.
ഓസ്‌റ്റെന്‍ കൊടുങ്കാറ്റ് 80 എംപിഎച്ച് വേഗതയില്‍ വീശിയടിക്കുമ്പോള്‍ സാരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കോണ്‍വാള്‍, ഐല്‍സ് ഓഫ് സില്ലി, ഡിവോണ്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്.
റോഡുകളിലും, പൊതുഗതാഗത ശൃംഖലകളിലും തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും രാവിലെ 10 മുതല്‍ രാത്രി 9 വരെ കാറ്റിനുള്ള മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലും, വെയില്‍സിലും കാറ്റിനുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പ് വൈകുന്നേരം 5 വരെയാണ് തുടരുക.
വെയില്‍സിലും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും തീരമേഖലയിലുള്ളവര്‍ ഏറെ സൂക്ഷിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടില്‍ അര്‍ദ്ധരാത്രി വരെ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ചാനല്‍ ഐലന്‍ഡ്‌സില്‍ കാറ്റിനുള്ള ചുവപ്പ് മുന്നറിയിപ്പായതിനാല്‍ എല്ലാ ഗവണ്‍മെന്റ് ഓഫ് ജഴ്‌സി സ്‌കൂളുകളും വെള്ളിയാഴ്ച അടഞ്ഞുകിടക്കും.
സീസണിലെ രണ്ടാമത്തെ കൊടുങ്കാറ്റായ ബോയെലോ ശനിയാഴ്ചയാണ് യുകെയില്‍ എത്തുക. നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഇത് ശക്തമായ കാറ്റ് സമ്മാനിക്കുകയെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.