CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 57 Seconds Ago
Breaking Now

സ്വിമ്മിംഗ് പൂളില്‍ അപമര്യാദയായി പെരുമാറി; നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്

ഇനി ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം.

നടന്‍ ബാലു വര്‍ഗീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ച് യുവതി നടന് വക്കീല്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും ഇനി ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം.

അടുത്തിടെ നടന്ന സംഭവത്തില്‍ താന്‍ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയതെന്ന് പരാതിക്കാരി വ്യക്തമാക്കിയതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോര്‍ട്ട് ചെയ്തു. നീന്തല്‍ക്കുളത്തില്‍ വെച്ച് തന്റെ ശരീരത്തില്‍ നടന്‍ ബലമായി സ്പര്‍ശിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ട്. സംഭവിച്ചയുടന്‍ തന്നെ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ 'അബദ്ധം പറ്റിപ്പോയതാണ്' എന്നായിരുന്നു ബാലുവിന്റെ പ്രതികരണം.

താന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ നടന്‍ ക്ഷമാപണം നടത്തിയെന്നും, പിന്നീട് വീട്ടിലെത്തി ഭര്‍ത്താവിനോട് കാര്യം വിശദീകരിച്ചതായും യുവതി പറഞ്ഞു. തൊട്ടടുത്ത ദിവസം ഭര്‍ത്താവ് ബാലുവുമായി സംസാരിച്ചപ്പോഴും 'കൈ തട്ടിയതാണ്' എന്ന വിശദീകരണമാണ് നടന്‍ നല്‍കിയത്. എന്നാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ താന്‍ നിയമപോരാട്ടത്തിന് തയ്യാറാവുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഇത് ആദ്യമായല്ല നടനില്‍ നിന്ന് ഉണ്ടാകുന്നതെന്ന് മനസ്സിലായതെന്നും യുവതി വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഒരു ജന്മദിനാഘോഷത്തിനിടെ ബാലുവില്‍ നിന്ന് സമാനമായ രീതിയില്‍ മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ആളുകള്‍ക്കിടയില്‍ വെച്ചും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്ള ചടങ്ങുകളില്‍ വെച്ചുമാണ് ഇയാള്‍ വിസമ്മതം മൂളിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതെന്നുമാണ് ആരോപണം. അതേസമയം, അയച്ച വക്കീല്‍ നോട്ടീസിന് ബാലു വര്‍ഗീസില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും, വിഷയത്തില്‍ പ്രതികരിക്കാന്‍ നടന്‍ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.