
















എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് വിവാദങ്ങള്‍ക്കിടെ, ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മന്ത്രിയോ വാര്‍ത്താസമ്മേളനം നടത്തിയവരോ എംബിബിഎസ് അല്ല. എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വിഷയത്തില്‍ കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടി.

കഴിഞ്ഞ 10 കൊല്ലം കട്ട് മുടിച്ച കണക്ക് വേറെ വരുമെന്നും മുന്‍ ആരോഗ്യമന്ത്രിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മരുന്ന് ഗുണനിലവാരം ഉള്ളതാണെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. അതുകൊണ്ടു തന്നെ തീരുമാനം മാറ്റില്ല. മരുന്ന് കമ്പനി മേധാവികള്‍ തന്റെ ഓഫീസില്‍ വന്നാണ് തന്നെ കണ്ടത്. അത് ഹെല്‍ത്ത് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. തനിക്ക് മറച്ചു വെക്കാന്‍ ഒന്നും ഇല്ലായെന്നും കെ മുരളീധരന്‍ പറഞ്ഞു. പണ്ട് പാര്‍ട്ടി രഹസ്യമായി കണ്ട് കച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രി പറഞ്ഞു. ആശങ്ക പ്രതിപക്ഷം ഉണ്ടാക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.
എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരന്‍ എന്നും ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയെന്നുമായിരുന്നു മുന്‍ മന്ത്രിമാര്‍ വിമര്‍ശിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കിയെന്നും പുതിയ ആരോഗ്യമന്ത്രി എല്ലാത്തിനെയും നിസ്സാരമായി കണ്ടുവെന്നുമായിരുന്നു പി കെ ശ്രീമതി വിമര്‍ശിച്ചത്. പല സ്ഥലങ്ങളിലും ഡോക്ടര്‍മാരില്ല, മരുന്നില്ല. നീതി ബോധത്തോടെ വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. പല നടപടിയും തിരുത്തേണ്ടി വരികയാണെന്നും അവര്‍ പറഞ്ഞിരുന്നു.