
















ലണ്ടനില്‍ നടക്കുന്ന ലോകപ്രശസ്ത ടൂറിസം വ്യാപാര മേളയായ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യുടിഎം) 2026ല്‍ ശ്രദ്ധനേടി കേരള ടൂറിസം പവലിയന്‍. നവംബര്‍ 3ന് ആരംഭിച്ച മേള നവംബര്‍ 5 വരെ എക്സല്‍ ലണ്ടനിലാണ് നടക്കുന്നത്. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെയും ടൂറിസം ഡയറക്ടര്‍ അഞ്ജന എം.യുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
'സ്റ്റേറ്റ് ഓഫ് വണ്ടര്‍' എന്ന പ്രമേയത്തില്‍ 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേരളത്തിന്റെ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും രാജ്യസഭാംഗവും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയുമായ സുധാ മൂര്‍ത്തിയും ചേര്‍ന്നാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക വൈവിധ്യവും ടൂറിസം സാധ്യതകളും പരിചയപ്പെടുത്തുന്ന പവലിയന് അന്താരാഷ്ട്ര പ്രതിനിധികളില്‍നിന്നും വ്യാപാര പങ്കാളികളില്‍നിന്നും മികച്ച ശ്രദ്ധ ലഭിച്ചു.
കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് പവലിയന്റെ പ്രധാന ആകര്‍ഷണം. നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, വര്‍ണാഭമായ കുടമാറ്റം, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവയിലൂടെ പൂരങ്ങളുടെ പ്രൗഢി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. തത്സമയ കഥകളി പ്രകടനവും സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നു.
പ്രകൃതി, പ്രാദേശിക ജീവിതാനുഭവങ്ങള്‍, സാംസ്‌കാരിക പൈതൃകം, ആയുര്‍വേദം, വെല്‍നെസ് ടൂറിസം എന്നിവ ഉള്‍പ്പെടുത്തിയ സമഗ്ര പാക്കേജാണ് കേരളം മേളയില്‍ അവതരിപ്പിക്കുന്നത്. പുതിയ ടൂറിസം സീസണില്‍ ലണ്ടനില്‍നിന്ന് കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ആഗോള ടൂറിസം വിപണിയില്‍ കേരളത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഡബ്ല്യുടിഎം പോലുള്ള മേളകള്‍ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ അഞ്ജനയും വ്യക്തമാക്കി.
കേരളത്തില്‍നിന്നുള്ള ഏഴ് ടൂറിസം വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ഹോട്ടല്‍-റിസോര്‍ട്ട് സ്ഥാപനങ്ങള്‍, രണ്ട് ആയുര്‍വേദ റിസോര്‍ട്ടുകള്‍, രണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്സ്, പോള്‍ റിസോര്‍ട്ട്സ് ആന്‍ഡ് ഹോട്ടല്‍സ്, പയനിയര്‍ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, സാന്റമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നിവയാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.