
















ഡ്യൂട്ടിക്കിടെ കൊക്കെയിന്‍ ഉപയോഗിച്ചതിന് പുറമെ, ജോലിസ്ഥലത്ത് നിന്ന് ക്ലാസ് എ വിഭാഗത്തില്‍ പെടുന്ന മയക്കുമരുന്ന് ഇടപാട് നടത്തിയെന്നും തെളിഞ്ഞതോടെ നഴ്‌സിനെ പുറത്താക്കാന്‍ ആശുപത്രി. മയക്കുമരുന്ന് അടിമത്തമുള്ള നഴ്‌സ് എമ്മാ സിമ്മാണ് പിടിയിലായത്.
വെസ്റ്റ് ലോതിയാനിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് കൊക്കെയിന്‍ ഉപയോഗിച്ചതായി സമ്മതിച്ചതോടെയാണ് നടപടി. വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെ മയക്കുമരുന്ന് ഇടപാട് നടത്തിയെന്നും മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് സമ്മതിച്ചിട്ടുണ്ട്.
തന്റെ പെരുമാറ്റത്തില്‍ നാണക്കേട് തോന്നുന്നുവെന്ന് കോടതിയില്‍ എമ്മാ സിം പറഞ്ഞു. നഴ്‌സിന്റെ പ്രവൃത്തി ദുരന്തം ക്ഷണിച്ച് വരുത്തുന്നതായിരുന്നുവെന്ന് ലിവിംഗ്സ്റ്റണ്‍ ഷെറിഫ് കോടതി വിചാരണയില്‍ ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ നഴ്‌സിംഗില്‍ നിന്നും പൂര്‍ണ്ണമായ വിലക്കാണ് സിമ്മിനെ കാത്തിരിക്കുന്നത്.
2023 മുതല്‍ 2024 വരെ ഒരു വര്‍ഷത്തോളം 39-കാരിയായ നഴ്‌സ് കൊക്കെയിന്‍ വില്‍പ്പന നടത്തുകയും ചെയ്തു. 2024 ഫെബ്രുവരിയില്‍ ഡ്യൂട്ടിക്കിടെ ഇവര്‍ കൊക്കെയിന്‍ വലിച്ചതായി കോടതിയില്‍ വ്യക്തമായി. അതേസമയം കോടതി ഇവരെ ജയിലിലേക്ക് അയച്ചില്ല.
ഇതിന് പകരം 120 ദിവസം ടാഗ് അണിയാനും, കര്‍ഫ്യൂവില്‍ കഴിയാനും പ്രതിയോട് ആവശ്യപ്പെട്ടു. കൂടാതെ 18 മാസം സൂപ്പര്‍വിഷന്‍ ഓര്‍ഡറും, 210 മണിക്കൂര്‍ വേതനരഹിത കമ്മ്യൂണിറ്റി സര്‍വ്വീസുമാണ് വിധിച്ചത്. കോടതി കടുത്ത ശിക്ഷ ഒഴിവാക്കിയെങ്കിലും നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ നഴ്‌സിംഗ് സേവനത്തിന് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്താനാണ് സാധ്യത.