
















മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യു.കെ-യൂറോപ്പ് ഭദ്രാസനത്തിനു കീഴില്‍ വെയില്‍സില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ ആദ്യ ദേവാലയമായ കാര്‍ഡിഫ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ പ്രഥമ പെരുന്നാള്‍ നവംബര്‍ 6, 7 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെടും. നവാഭിഷിക്തനായ ഫാ. സിറില്‍ ബി. ജോണ്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ സ്മരണാര്‍ത്ഥം ദേവാലയ ഗായകസംഘം പുറത്തിറക്കിയ പെരുന്നാള്‍ ഗീതം ഇതിനോടകം വിശ്വാസികള്‍ക്കിടയില്‍ ശ്രദ്ധയും പ്രശംസയും നേടിയിട്ടുണ്ട്.
നവംബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ദേവാലയത്തില്‍ സന്ധ്യാനമസ്കാരവും വചനശുശ്രൂഷയും നടത്തപ്പെടും.

പ്രധാന പെരുന്നാള്‍ ദിനമായ നവംബര്‍ 7 ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് 9.30-ന് ഫാ. സിറില്‍ ബി. ജോണിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും.
തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടവക പള്ളിയായി കാര്‍ഡിഫ് ഇടവകയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 11.30-ന് റാസയും ആശീര്‍വാദവും തുടര്‍ന്ന് ഉച്ചയ്ക്ക് 12.30-ന് സ്നേഹവിരുന്നും നടക്കും. ചടങ്ങുകള്‍ക്കുശേഷം പെരുന്നാള്‍ കൊടിയിറക്കത്തോടെ ആഘോഷങ്ങള്‍ സമാപിക്കും.
പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് ഈ ചരിത്രപ്രധാനമായ പ്രഥമ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കാര്‍ഡിഫ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലേക്ക് ഇടവക വികാരി ഫാ. മാത്യു എബ്രഹാമും ഇടവക ഭാരവാഹികളും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.