
















ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ രൂപതാ കണ്‍വെന്‍ഷന്‍ (തൈബൂസ 2026) ഡിസംബര്‍ 12-ന് ബര്‍മിംഗ്ഹാം ന്യൂ ബിങ്ലി ഹാളില്‍ നടക്കും. രൂപതയിലെ മുഴുവന്‍ ഇടവകകള്‍, മിഷനുകള്‍, പ്രൊപ്പോസഡ് മിഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ സജീവമായി പങ്കെടുക്കും.
രാവിലെ 8 മണിക്ക് രജിസ്‌ട്രേഷനോടുകൂടി സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 8 മുതല്‍ 9 മണിവരെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും തുടര്‍ന്ന് നടക്കുന്ന യാമപ്രാര്‍ത്ഥനയ്ക്കും (ഖുത്ആ) ശേഷം ഔദ്യോഗിക സമ്മേളനം ആരംഭിക്കും. വിമന്‍സ് ഫോറം രൂപതാ പ്രസിഡന്റ് മെര്‍ലിന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും.
രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ റെവ. ഡോ. സി. ജീന്‍ മാത്യു എസ്.എച്ച്. എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. തുടര്‍ന്ന്, 'കുട്ടികളുടെ വിശ്വാസ രൂപീകരണത്തില്‍ സ്ത്രീകളുടെ പങ്ക്; യുകെ പശ്ചാത്തലത്തിലെ വെല്ലുവിളികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി റെവ. സി. ആന്‍ മരിയ എസ്.എച്ച്. മുഖ്യപ്രഭാഷണം നടത്തും.
യോഗത്തില്‍ സെക്രട്ടറി ജെര്‍ലിന്‍ ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രെഷറര്‍ സന്ധ്യാ ഈപ്പന്‍ കണക്കുകളും അവതരിപ്പിക്കും. സ്റ്റെഫി മാത്യു സ്വാഗതവും മിനി ആന്റോ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തോടനുബന്ധിച്ച് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും ഉണ്ടായിരിക്കും മറ്റ് വൈദികര്‍ സഹ കാര്‍മ്മികര്‍ ആകും
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിമന്‍സ് ഫോറത്തിന്റെ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും, വിവിധ റീജിയനുകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളും സമ്മേളനത്തിന് മാറ്റുകൂട്ടും.
വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ റെവ. ഡോ. സി. ജീന്‍ മാത്യു എസ്.എച്ച്., പ്രസിഡന്റ് മെര്‍ലിന്‍ മാത്യു, വൈസ് പ്രസിഡന്റ് സ്റ്റെഫി മാത്യു, സെക്രട്ടറി ജെര്‍ലിന്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി മിനി ആന്റോ, ട്രെഷറര്‍ സന്ധ്യാ ഈപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
ഷൈമോന്‍ തോട്ടുങ്കല്‍