
















ദൈവവിശ്വാസം ആവശ്യമുണ്ടോ? ജീവിക്കാന്‍ പണം കൈയിലുണ്ടെങ്കില്‍ ദൈവത്തിന്റെയൊക്കെ ആവശ്യമുണ്ടോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്ന കാലമാണ്. ബ്രിട്ടനില്‍ ഉള്‍പ്പെടെ വിശ്വാസികളുടെ എണ്ണം കുറയുന്നു. പള്ളിയില്‍ പോകുന്ന ആളുകളുടെ എണ്ണവും ചുരുങ്ങിവരുന്നു. എന്നാല്‍ ദൈവിശ്വാസമുള്ളത് ജീവിതത്തില്‍ ഗുണങ്ങളുണ്ടെന്നാണ് ഒരു സുപ്രധാന പഠനം ഇപ്പോള്‍ വ്യക്തമാക്കുന്നത്.
വിശ്വാസമുള്ളവരും, ആത്മീയത കാത്തുസൂക്ഷിക്കുന്നവരുമായ പ്രായമായ ആളുകള്‍ക്ക് ജീവിതത്തില്‍ ആത്മസംതൃപ്തി കൂടുതലായിരിക്കുമെന്നാണ് പ്രധാന കണ്ടെത്തല്‍. വിശ്വാസം സൂക്ഷിക്കാത്ത ആളുകളെ അപേക്ഷിച്ചാണ് ഈ വ്യത്യാസം.
വിശ്വാസവും, ആത്മീയതയും ഉള്ളവരുടെ ജീവിതവീക്ഷണം മെച്ചപ്പെടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. വിശ്വാസം ഉള്ളതിനാല്‍ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താനും, സമൂഹികമായ ബന്ധവും നിലനിര്‍ത്താന്‍ കഴിയുന്നതും കാരണങ്ങളായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ആരോഗ്യപരമായി വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വിശ്വാസങ്ങള്‍ക്കും സ്ഥാനം നല്‍കണമെന്ന് ഇറ്റലിയിലെ പദോവ യൂണിവേഴ്‌സിറ്റി ഗവേഷകന്‍ സൊഹെല്‍ അക്തര്‍ പറയുന്നു. ദൈനംദിന ജീവിതത്തില്‍ വിശ്വാസം ഭാഗമാക്കിയ പ്രായമായ ആളുകള്‍ കൂടുതല്‍ ശക്തരായി തുടര്‍ന്നുവെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ബുദ്ധിമുട്ടുള്ള സമയത്ത് മാത്രം വിശ്വാസത്തിലേക്ക് തിരിയുന്നവരെ അപേക്ഷിച്ച് ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്കാണ് കൂടുതല്‍ ഗുണകരമായി കണ്ടത്.