Breaking Now

കൊച്ചിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നാണ് കൊച്ചിയിലുള്ളത് . നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജന വ്യപാരത്തിന്റെ കേന്ദ്രബിന്ദുവായി കൊച്ചി വാണിരുന്നു. വില്ലിങ്ങ്ടൺ ദ്വീപ്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരം, കുംബളങ്ങി, ചുറ്റുമുള്ള മറ്റനേകം ദ്വീപുകളും ഉൽപ്പെട്ടതാണു ഇന്നത്തെ കൊച്ചി. ചരിത്ര പ്രാധാന്യത്തലും ദൃശ്യഭംഗി കൊണ്ടും മനോഹരമായ കൊച്ചി കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. കൊച്ചാഴി എന്ന വാക്കിൽ നിന്നാണ്‌ കൊച്ചി എന്ന പേരു വന്നത്.

മറൈന്‍ ഡ്രൈവ്

കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകരഷണങ്ങൾ ഇവിടുത്തെ ചീനവലകളും , മഴവിൽ പാലവുമാണ്. വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്ത് കൂടി ഉള്ള കാൽനടപാത ഇവിടെ കേരള ഹൈക്കോടതിയുടെ മുൻപിൽ നിന്ന് തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

ഫോര്‍ട്ട്‌ കൊച്ചി

കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗര കേന്ദ്രത്തിൽ നിന്നും , റോഡ്‌ മാർഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ജലമാർഗ ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികൾ ഫോർട്ട് കൊച്ചി സന്ദർശിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി. ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തദ്ദേശീയ നിയമം നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും‍ രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയിൽ ഉൾപ്പെടും. ഫോർട്ട് കൊച്ചി കാർണിവൽ എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഈ കാർണിവൽ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു.

ഹില്‍ പാലസ്

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തുറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്. ഇപ്പോൾ മ്യൂസിയമാക്കപ്പെട്ട ഹിൽ പാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്.

മട്ടാഞ്ചേരി കൊട്ടാരം

ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു അമ്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്. മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-65) ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു

ജൂതപ്പള്ളി

മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. ചരിത്രത്തിന്റെ ശേഷിപ്പായി ഈ പള്ളിക്ക് പുറത്ത് വിസ്മയമായി ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. ജൂതപള്ളി കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്. മലബാർ യഹൂദരാണ് പുരാതന യഹൂദ ആരാധനാകേന്ദ്രമായ സിനഗോഗ് 1568 - ൽ പണി കഴിപ്പിച്ചത്

ബോള്‍ഗാട്ടി പാലസ്

കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. 1744-ൽ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിർമ്മിച്ചത്. പിന്നീട് മനോഹരമായ പുൽത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാൻ തുടങ്ങി. 1909-ൽ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായി ഈ കൊട്ടാരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോൾ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.

വില്ലിഗ്ടണ്‍ ഐലന്ഡ്

കൊച്ചി തുറമുഖത്തിനടുത്തുള്ള ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായ ലോർഡ് വില്ലിംഗ്‌ടന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപിൽ കൊച്ചി കസ്റ്റംസിന്റെ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവസതികളും വിനോദസഞ്ചാരികൾക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്.

വി:ഫ്രാന്‍സിസ് പള്ളി

ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിക്കപ്പെട്ട ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി. ഇന്ത്യയിൽ കോളനിഭരണത്തിനായി വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയിൽ ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ശവശരീരം ആദ്യം മറവു ചെയ്തിരുന്ന സ്ഥലം എന്ന നിലയിലും ഈ പള്ളിക്ക് പ്രാധാന്യമുണ്ട്

പള്ളിപ്പുറം കോട്ട

പോർച്ചുഗീസുകാരാണ് 1503-ൽ ഈ കോട്ട നിർമ്മിച്ചത്. അയീക്കോട്ട എന്നാണിത് അറിയപ്പെടുന്നത്. ഒരു കാവൽ നിലയമായാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി. ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു. വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായി പള്ളിപ്പുറത്ത് ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടപ്പുറം, കൊടുങ്ങല്ലൂർ കോട്ട ഇതിനടുത്താണ്. ഈ കോട്ടയിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയിലേയ്ക്ക് നദിക്കടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് ഈ കോട്ട കേരള പുരാവസ്തു വകുപ്പിന്റെ സ്മാരകമായിട്ടുള്ള കോട്ടകളിൽ കേടു വരാത്ത അപൂർവ്വം ഒന്നാണ്‌. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള സൗധം എന്ന് എ. ഗില്ലറ്റി ഇതിനെ വിശേഷിപ്പിക്കുന്നത്