
















ബ്രിട്ടനിലെ തെരുവുകളില്‍ സസുഖം നടക്കുന്ന വിദേശ ക്രിമിനലുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍. ഈ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. യുകെയിലെ ജയിലുകളില്‍ നിന്നും പുറത്തുവിട്ട 19,491 പേരാണ് നാടുകടത്തേണ്ടവരായിരുന്നിട്ടും ഇപ്പോഴും തെരുവുകളില്‍ വിലസുന്നത്.
ജയിലില്‍ നിന്നും പുറത്തുവിട്ട് അഞ്ച് വര്‍ഷത്തിലേറെയായവരും ഇക്കൂട്ടത്തിലുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് 3000 പേരാണ് നാടുകടത്തലില്‍ നിന്നും രക്ഷപ്പെട്ട് നടക്കുന്നത്. കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായ ശേഷം 1000 പേരുടെ വര്‍ദ്ധനവും സംഭവിച്ചിട്ടുണ്ട്.
2017 മുതല്‍ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ട്. വിദേശ ക്രിമിനലുകളെ ശിക്ഷിച്ചാല്‍ ഉടനെ നാടുകടത്തി പണം ലാഭിക്കുമെന്നാണ് ആഗസ്റ്റില്‍ ഹോം ഓഫീസ് പ്രഖ്യാപിച്ചത്. എന്നാല്‍ നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുതിയ നയങ്ങള്‍ നാടുകടത്തല്‍ അധികാരം ശക്തിപ്പെടുത്തുമെന്നും, യുകെയുടെ വെല്ലുവിളി നേരിടുന്ന അതിര്‍ത്തികളിലെ പ്രശ്‌നം പരിഹരിക്കുമെന്നുമായിരുന്നു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ജസ്റ്റിസ് സെക്രട്ടറിയും, നിലവില്‍ ഹോം സെക്രട്ടറിയുമായ ഷബാന മഹ്മൂദ് അവകാശപ്പെട്ടത്. സെപ്റ്റംബറില്‍ നിയമപരമായ അധികാരങ്ങള്‍ നിലവില്‍ വരികയും ചെയ്തു.
പലവിധ കാരണങ്ങള്‍ ഉന്നയിച്ചാണ് വിദേശ ക്രിമിനലുകള്‍ നാടുകടത്തലില്‍ നിന്നും രക്ഷപ്പെട്ട് നില്‍ക്കുന്നത്. നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വിദേശ ക്രിമിനലുകള്‍ക്കും, അനധികൃത കുടിയേറ്റക്കാര്‍ക്കും എതിരെ നടപടി ഉണ്ടാകുമെന്നാണ് ഹോം ഓഫീസിന്റെ വിശദീകരണം.