
















വിദേശ ഡോക്ടര്‍മാരും, നഴ്‌സുമാരും എന്‍എച്ച്എസിനെ ഉപേക്ഷിക്കുന്നതിന് പിന്നില്‍ കുടിയേറ്റ വിരുദ്ധ നയങ്ങളെന്ന് ആരോപിച്ച് ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ നേതാവ്. കുടിയേറ്റ വിരുദ്ധ നയങ്ങളും, ഉയരുന്ന വംശവെറിയും ചേര്‍ന്നാണ് അന്തരീക്ഷം മോശമാക്കി മാറ്റിയിരിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
യുകെ തങ്ങളെ സ്വാഗതം ചെയ്യാത്ത വംശീയതയുള്ള രാജ്യമായി മുദ്രകുത്തപ്പെടുന്നതാണ് വിദേശ ഹെല്‍ത്ത് പ്രൊഫഷണലുകളെ അകറ്റുന്നത്. എന്നാല്‍ ഇത് ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസിന് അപകടമായി മാറുകയാണ്. ഗവണ്‍മെന്റ് ഇമിഗ്രേഷനോട് സ്വീകരിക്കുന്ന നിലപാടും ഇതിലൊരു പങ്കുണ്ട്, അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ് ചെയര്‍ ഡോ. ജിയാനെറ്റ് ഡിക്ക്‌സണ്‍ പറഞ്ഞു.
വിദേശത്ത് ജനിച്ച ഡോക്ടര്‍മാര്‍ ഇപ്പോള്‍ റെക്കോര്‍ഡ് തോതിലാണ് എന്‍എച്ച്എസില്‍ നിന്നും രാജിവെയ്ക്കുന്നത്. കൂടാതെ എന്‍എച്ച്എസില്‍ ജോയിന്‍ ചെയ്യുന്ന നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
യുകെയിലെയും, അയര്‍ലണ്ടിലെയും 220,000 ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘമാണ് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. വിദേശ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും സംഭാവന ഇല്ലെങ്കില്‍ എന്‍എച്ച്എസ് എളുപ്പത്തില്‍ തകരുമെന്നാണ് ഡോ. ഡിക്ക്‌സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് സുരക്ഷിതമായി നടത്തിക്കൊണ്ട് പോകുന്നതില്‍ ഇവര്‍ സുപ്രധാനമാണ്.
രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാരോട് കാണിക്കുന്ന വിദ്വേഷം വിദേശ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അകറ്റുന്നതായി ഡോ. ജിയാനെറ്റ് ഡിക്ക്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എന്‍എച്ച്എസ് സഹജീവനക്കാരില്‍ നിന്നും, രോഗികളില്‍ നിന്നും വിദേശ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വംശവെറിയും, ചൂഷണങ്ങളും പ്രശ്‌നമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.