Breaking Now

വിശ്വരൂപം തമിഴ്നാട്ടില്‍ വ്യാഴാഴ്ച പ്രദര്‍ശനത്തിന്

നിരോധം നീക്കിയതിനാല്‍ വിശ്വരൂപം തമിഴ്നാട്ടില്‍ വ്യാഴാഴ്ച പ്രദര്‍ശനത്തിന് എത്തുമെന്ന് നടന്‍ കമല്‍ഹാസന്‍ അറിയിച്ചു.

 നീതി അല്‍പം വൈകിയാലും തക്കസമയത്ത് തന്നെ സഹായിച്ച തമിഴ്നാട് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് അദ്ദേഹം തിങ്കളാഴ്ച പത്രക്കുറിപ്പില്‍ പറഞ്ഞു.

 

പ്രതിസന്ധിഘട്ടത്തില്‍ നിരവധിപേര്‍ തനിക്ക് പണവും ചെക്കുകളും അയച്ചുതന്ന് പിന്തുണ അറിയിച്ചതായും ഇവ തിരിച്ചുനല്‍കുമെന്നും കമല്‍ പറഞ്ഞു.

‘വിശ്വരൂപം’ നിരോധത്തെ എതിര്‍ത്ത് കമല്‍ഹാസന്‍ മദ്രാസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജി തിങ്കളാഴ്ച പിന്‍വലിച്ചു. മുസ്ലിം സംഘടനകളുമായി കമല്‍ ധാരണയിലെത്തിയതിനാല്‍ ചിത്രത്തിന്‍െറ നിരോധം നീക്കിയതായി തമിഴ്നാട് സര്‍ക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ എ. നവനീത കൃഷ്ണന്‍ കോടതിയില്‍ ബോധിപ്പിച്ചതിനാല്‍ കേസ് അവസാനിപ്പിക്കുന്നതായി ജഡ്ജി രാജേശ്വരന്‍ അറിയിച്ചു.

മുസ്ലിം സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ചിത്രത്തില്‍നിന്ന് ഏഴ് ദൃശ്യങ്ങളും ഖുര്‍ആനുമായി ബന്ധപ്പെട്ട ശബ്ദരേഖകളും നീക്കം ചെയ്താണ് ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രത്തില്‍ ഉപയോഗിച്ചത് ഹോളിവുഡ് സാങ്കേതികവിദ്യ ആയതിനാല്‍ അമേരിക്കന്‍ വിദഗ്ധര്‍ക്കു മാത്രമേ ദൃശ്യങ്ങളും ശബ്ദരേഖയും നീക്കം ചെയ്യാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് നിരോധം നീക്കിയിട്ടും ചിത്രത്തിന്റെ റിലീസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

ജനുവരി 24നാണ് മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 'വിശ്വരൂപം' പ്രദര്‍ശിപ്പിക്കുന്നതിന് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശപ്രകാരം ചെന്നൈ സെക്രട്ടേറിയറ്റില്‍ കമല്‍ഹാസനും മുസ്ലിം സംഘടനാ നേതാക്കളും ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാവുകയായിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.