Breaking Now

ആയുധ അഴിമതി അന്വേഷണത്തില്‍ സി.ബി.ഐയുടേതു തോല്‍വിയുടെ ചരിത്രം

മൂന്നു പതിറ്റാണ്ടിനിടെ സി.ബി.ഐ. അന്വേഷിച്ച ആയുധ അഴിമതിക്കേസുകളില്‍ പലതും കുറ്റപത്രം പോലും നല്‍കാതെ അവസാനിപ്പിക്കേണ്ടിവന്നതായാണു ചരിത്രം.

ഇതു സി.ബി.ഐയുടെ കഴിവുകേടല്ലെന്നും
രാഷ്‌ട്രീയ സമ്മര്‍ദങ്ങളാണു പ്രശ്‌നമെന്നുമാണ്‌ ജനങ്ങളുടെ അഭിപ്രായം.

ആയുധ അഴിമതി അന്വേഷണ ചരിത്രത്തില്‍ സി.ബി.ഐയുടേത്‌ സമ്പൂര്‍ണ പരാജയങ്ങളുടെ ചരിത്രം! അഗസ്‌റ്റാ വെസ്‌റ്റ്‌ലാന്‍ഡ്‌ വി.വി.ഐ.പി. ഹെലികോപ്‌ടര്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ക്കായി ഇന്ന്‌ ഇറ്റലിയിലേക്കു തിരിക്കാന്‍ തയാറെടുക്കുന്ന സി.ബി.ഐക്കു കഴിഞ്ഞ 30 വര്‍ഷത്തിനിടെ അന്വേഷിച്ച ഒരു ആയുധ കുംഭകോണക്കേസ്‌ പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.

മൂന്നു പതിറ്റാണ്ടിനിടെ സി.ബി.ഐ. അന്വേഷിച്ച ആയുധ അഴിമതിക്കേസുകള്‍ നിരവധി. എന്നാല്‍ പലതും കുറ്റപത്രം പോലും നല്‍കാതെ അവസാനിപ്പിക്കേണ്ടിവന്നതാണു സി.ബി.ഐയുടെ ചരിത്രം. ഇതു സി.ബി.ഐയുടെ കഴിവുകേടല്ലെന്നും രാഷ്‌ട്രീയ സമ്മര്‍ദങ്ങളാണു പ്രശ്‌നമെന്നുമാണ്‌ ജനങ്ങളുടെ വിലയിരുത്തല്‍.

അന്താരാഷ്‌ട്ര ആയുധ ഇടപാടിലെ െകെക്കൂലിപ്പണത്തിന്റെ പിന്നാലെയുള്ള യാത്രയില്‍ ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജന്‍സി അല്‍പമെങ്കിലും വിജയിച്ചത്‌ ബൊഫോഴ്‌സ്‌ കേസിലാണ്‌. അതില്‍പോലും ഒരാളെപ്പോലും ശിക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. അന്വേഷണത്തിന്റെ ചരിത്രമാകെ അന്വേഷണ ഏജന്‍സിയുടെ മലക്കംമറിച്ചില്‍ വിമര്‍ശനവിധേയമാകുകയും ചെയ്‌തു.ബൊഫോഴ്‌സ്‌ കേസിലെ കുറ്റാരോപിതരില്‍ പ്രധാനിയായിരുന്ന ഒട്ടാവിയോ ക്വട്ടറോക്കി 2007 ഫെബ്രുവരിയില്‍ അര്‍ജന്റീനയില്‍ അറസ്‌റ്റിലായി.

അയാളെ വിട്ടുകിട്ടാനുള്ള നീക്കം സി.ബി.ഐയുടെ അര്‍ധമനസുകൊണ്ടുതന്നെ പരാജയപ്പെട്ടു. എച്ച്‌.ഡി.ഡബ്ല്യു. മുങ്ങിക്കപ്പല്‍ ഇടപാടില്‍ ഇടനിലക്കാര്‍ക്ക്‌ ഏഴു ശതമാനം കമ്മിഷന്‍ നല്‍കിയെന്നു ജര്‍മന്‍ കമ്പനി ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. അന്നു നാവികസേനാ മേധാവിയായിരുന്ന എസ്‌.എം. നന്ദയുടെ വീട്ടിലടക്കം റെയ്‌ഡ്‌ നടത്തിയെങ്കിലും കുറ്റപത്രം പോലുമില്ലാതെ ആ കേസ്‌ അവസാനിച്ചു.

തെഹല്‍ക്ക വെളിപ്പെടുത്തലിനു ശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സി.ബി.ഐ. നിരവധി കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ബരാക്‌ മിെസെല്‍ ഇടപാടില്‍ മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, മുന്‍ നാവികസേനാ മേധാവി സുശീല്‍ കുമാര്‍ എന്നിവരടക്കമുള്ളവര്‍ ചാര്‍ജ്‌ ഷീറ്റിലുണ്ടായിരുന്നു.
എന്നാല്‍ സി.ബി.ഐയുടെ വാദങ്ങളില്‍ പലതിന്റെയും മുനയൊടിക്കാന്‍ വിവരാവകാശ നിയമം ആയുധമാക്കി സുശീല്‍ കുമാര്‍ നടത്തിയ നീക്കം വിജയിച്ചു. പീരങ്കി നവീകരണത്തിന്‌ ഇസ്രേലി കമ്പനിയായ സോള്‍ട്ടാം ആയുധ വ്യാപാരി സുധീര്‍ ചൗധരിക്കും മറ്റും കോഴ നല്‍കിയെന്ന ആരോപണവും അന്വേഷിച്ചു.
എന്നാല്‍ ചൗധരിക്കു പണം കിട്ടിയത്‌ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ഇറക്കുമതിക്കാണെന്നു
കണ്ടെത്തി സി.ബി.ഐ. കേസ്‌ അവസാനിപ്പിച്ചു. അടുത്തിടെ ആയുധ ഇടപാടുകാരായ അഭിഷേക്‌ വര്‍മ, പത്നി ആന്‍ക്‌ നെസ്യു എന്നിവര്‍ക്കെതിരേ സി.ബി.ഐ. കേസെടുത്തിരുന്നു. കരിമ്പട്ടികയിലാക്കുന്നതില്‍നിന്ന്‌ ഒഴിവായിക്കിട്ടാനായി റെയ്‌മെന്റല്‍ എന്ന കമ്പനിയില്‍നിന്ന്‌ 5 ലക്ഷം ഡോളര്‍ വാങ്ങിയെന്ന ഈ കേസില്‍ അന്വേഷണം തുടരുകയാണ്‌.

ആയുധ വ്യാപാരികള്‍ക്കെതിരേ വ്യക്‌തമായ തെളിവു ശേഖരിക്കാനോ കോഴപ്പണത്തിന്റെ വഴഞ്ഞ വഴികള്‍ കണ്ടെത്താനോ സി.ബി.ഐക്കു കഴിയാത്തതാണു പ്രധാന പ്രശ്‌നം. രഹസ്യ നിക്ഷേപം അനുവദിക്കുന്ന രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ കുമിഞ്ഞുകൂടുന്ന കോഴപ്പണത്തിന്റെ യഥാര്‍ഥ ഉടമകള്‍ രഹസ്യങ്ങളുടെ പല തട്ടുകള്‍ക്കടിയില്‍ സുഖജീവിതം നയിക്കുന്നതാണ്‌ ഇതിനു പിന്നിലെ യാഥാര്‍ഥ്യം.

അഗസ്‌റ്റാ വെസ്‌റ്റ്‌ലാന്‍ഡ്‌ ഹെലികോപ്‌ടര്‍ ഇടപാട്‌ അന്വേഷിക്കാന്‍ ഇറ്റലിയിലേക്കു പോകുമ്പോഴുള്ള സാഹചര്യവും ഏറെ വ്യത്യസ്‌തമല്ല. ഇറ്റാലിയന്‍ ഏജന്‍സി അന്വേഷണവും അറസ്‌റ്റും നടത്തിയെങ്കിലും കോപ്‌ടര്‍ ഇടപാടിലെ രേഖകള്‍ ഇന്ത്യക്കു െകെമാറാന്‍ അവിടുത്തെ കോടതി വിസമ്മതിച്ചിരിക്കുകയാണ്‌.
ഏതെങ്കിലും ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ എതിരേ കൃത്യമായ പരാതി വന്നിട്ടില്ലാത്തതിനാല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകപോലും ചെയ്യാതെയാണ്‌ ഇറ്റാലിയന്‍ യാത്ര.
കൂടുതല്‍വാര്‍ത്തകള്‍.