Breaking Now

അഫ്‌സല്‍ ഗുരുവിന്‍റെ വധശിക്ഷക്ക് പ്രതികാരം ചെയ്യാന്‍ പാക്‌ തീവ്രവാദ സംഘടന

പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനു പ്രതികാരം ചെയ്യാന്‍ പാക്‌ തീവ്രവാദ സംഘടന തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്‌.

1999-ല്‍ കാണ്ഡഹാറിലേക്കു റാഞ്ചിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ബന്ദികളുടെ മോചനത്തിനു വേണ്ടി വിട്ടയയ്‌ക്കപ്പെട്ട പാക്‌ തീവ്രവാദി മുഷ്‌താഖ്‌ അഹമ്മദ്‌ സര്‍ഗാറാണ്‌ പുതിയ നീക്കത്തിനു പിന്നിലെന്നു ദി ന്യൂസ്‌ ഡെയ്‌ലി റിപ്പോര്‍ട്ട്‌ ചെയ്‌തു.


സര്‍ഗാറിന്‍റെ  നേതൃത്വത്തിലുള്ള അല്‍ ഉമര്‍ മുജാഹിദീന്‍ എന്ന സംഘടനയാണു തിരിച്ചടിക്കായി പാക്‌ അധീന കാശ്‌മീരില്‍ കോപ്പുകൂട്ടുന്നത്‌. പാക്‌ അധീക കാശ്‌മീര്‍ തലസ്‌ഥാനമായ മുസാഫറാബാദിലെ നാരുള്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ ഉമര്‍ മുജാഹിദീന്‍ ജമ്മു കാശ്‌മീരില്‍ സായുധ കലാപം നടത്താന്‍ തയാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
കാണ്ഡഹാറിലേക്കു റാഞ്ചിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാര്‍ക്കു പകരമായി പാക്‌ തീവ്രവാദികളായ മൗലാന മസൂദ്‌ അസര്‍, അഹമ്മദ്‌ ഒമര്‍ സയീദ്‌ ഷേക്ക്‌, ലത്രാം എന്നറിയപ്പെടുന്ന മുഷ്‌താഖ്‌ അഹമ്മദ്‌ സര്‍ഗാര്‍ എന്നിവരെയാണ്‌ ഇന്ത്യ ജയിലില്‍നിന്നു വിട്ടയച്ചത്‌. ശ്രീനഗര്‍ സ്വദേശിയായ സര്‍ഗാര്‍ മോചിതനായശേഷം നാരുളില്‍ താമസമുറപ്പിച്ചു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതോടെ സര്‍ഗാര്‍ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനം പുനരുജ്‌ജീവിപ്പിച്ചു.
കാശ്‌മീര്‍ പ്രശ്‌നത്തിനു ശാശ്വതപരിഹാനം സായുധ പോരാട്ടമാണെന്നും പണം, ആള്‍ബലം, ആയുധം എന്നിവ എവിടെനിന്നുവേണമെങ്കിലും ലഭിക്കുമെന്നും സര്‍ഗാര്‍ അടുത്തിടെ അഭിമുഖത്തില്‍ വ്യക്‌തമാക്കിയിരുന്നു. നിയന്ത്രണരേഖയ്‌ക്കപ്പുറവും ഇപ്പുറവും പരിശീലനക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും സര്‍ഗാര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.