Breaking Now

മറ്റൊരു ഭീകരകഥ കൂടി പൊളിയുന്നു..

അന്താരാഷ്ട്ര ബന്ധങ്ങളുള്ള തീവ്രവാദ സംഘത്തെ പിടികൂടിയെന്നനിലയില്‍ കൊട്ടിഘോഷിച്ച കേസില്‍ രണ്ടുപേര്‍ക്കെതിരെ തെളിവുകളില്ലെന്ന് കണ്ട് വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടതോടെ മറ്റൊരു ഭീകരകഥ കൂടി പൊളിയുന്നു.

കേസിന്‍റെ  പ്രാധാന്യം കണക്കിലെടുത്താണ് ബംഗളൂരു പൊലീസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്. എന്‍.ഐ.എ അരിച്ചുപെറുക്കിയിട്ടും നാലു പേര്‍ക്കെതിരെ തെളിവുകളൊന്നും കിട്ടിയില്ല. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനായ ഇജാസ് അഹ്മദ് മിര്‍സ, തന്‍സീം എന്നിവര്‍ക്കെതിരെ തെളിവുകള്‍ കിട്ടാത്തതു കൊണ്ടാണ് കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. നിയമപ്രകാരം ഇവരെയും വിട്ടയക്കേണ്ടി വരും. ഡി.ആര്‍.ഡി.ഒയില്‍ പോലും ഭീകരര്‍ കയറിക്കൂടിയെന്നും ഇവരെ പിടികൂടിയതോടെ രാജ്യം വലിയ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നുമുള്ള പൊലീസിന്‍െറയും, അതേറ്റുപാടി നിറംപിടിപ്പിച്ച കഥകള്‍ നല്‍കിയ മാധ്യമങ്ങളുടെയും നിലപാടുകള്‍ അന്നുതന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. പിടിയിലായ പതിനഞ്ചു പേരില്‍ നാലുപേര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ പോയതോടെ കഥകളില്‍ ചിലതെങ്കിലും വ്യാജമായിരുന്നുവെന്ന് വ്യക്തമാവുകയാണ്.
  യുവാക്കള്‍ക്കെതിരെ എഫ്.ഐ.ആറില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണുണ്ടായിരുന്നത്. ബംഗളൂരു പൊലീസ് ആഗസ്റ്റ് 30ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മൂന്നുമാസത്തോളം നിരീക്ഷണം നടത്തിയതിനു ശേഷമാണ് സംഘം പിടിയിലായതെന്ന് വ്യക്തമാക്കിയിരുന്നു. സംഘത്തിലെ രണ്ടുപേര്‍ ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ ഇറാനില്‍ പോയതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ജിഹാദില്‍ ആകൃഷ്ടരായ ഇവര്‍ ഇറാനില്‍നിന്ന് അനധികൃതമായി പാകിസ്താനിലേക്ക് കടന്നു. പാകിസ്താനില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്‍റര്‍ സര്‍വീസ് ഇന്‍റലിജന്‍സിന്‍റെ  (ഐ.എസ്.ഐ) കറാച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ വഹാബ്, സീനിയര്‍ ഡയറക്ടര്‍ ഹമദ്, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുസ്തഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. താലിബാനില്‍ ചേരുന്നതിനായി അഫ്ഗാന്‍ സന്ദര്‍ശിക്കാനും രണ്ടുപേരും പദ്ധതിയിട്ടിരുന്നു.പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളായിരുന്നു ഇവ. ഇതിന്‍റെ  ചുവടു പിടിച്ചാണ് മാധ്യമങ്ങളും കഥകള്‍ നിരത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.