Breaking Now

ഒന്നാം ടെസ്‌റ്റ്: ഓസ്‌ട്രേലിയ ഒന്‍പതിന്‌ 232; ഇന്ത്യ ജയത്തിലേക്ക്‌

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിലേക്ക്‌. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒന്‍പതു വിക്കറ്റിന്‌ 232 റണ്‍സെടുത്തു നില്‍ക്കുകയാണ്‌.

ഒരു  വിക്കറ്റും ഒരു ദിവസവും ശേഷിക്കേ 40 റണ്‍സിന്റെ ലീഡ്‌ മാത്രമാണ്‌ അവര്‍ക്കു നേടാനായത്‌. ഓസീസ്‌ വാലറ്റക്കാര്‍ ദിവസം മുഴുവന്‍ പിടിച്ചു നില്‍ക്കുകയോ അപ്രതീക്ഷിതമായി മഴ പെയ്യുകയുണ്ടായാലോ മാത്രമേ ഇന്ത്യക്കു ജയം അന്യമാകു.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 380, രണ്ടാം ഇന്നിംഗ്‌സ്‌ ഒന്‍പതിന്‌ 232. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 572.

കന്നി ടെസ്‌റ്റ്‌ കളിക്കുന്ന മൊയ്‌സസ്‌ ഹെന്റിക്വസും (75) നഥാന്‍ ലിയോണും (എട്ട്‌) ചേര്‍ന്ന്‌ അവസാന വിക്കറ്റില്‍ 57 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടു നേടിയതാണ്‌ ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സ്‌ തോല്‍വിയില്‍നിന്നു രക്ഷപ്പെടുത്തിയത്‌.

ഹെന്റിക്വസ്‌ ഒന്നാം ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഒന്‍പതിന്‌ 175 എന്ന നിലയിലായിരുന്ന ഓസീസിനെ ഹെന്റിക്വസ്‌- ലിയോണ്‍ സഖ്യമാണു രക്ഷപ്പെടുത്തിയത്‌. ഒന്നാം ഇന്നിംഗ്‌സില്‍ ഏഴു വിക്കറ്റെടുത്ത ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു പേരെ പുറത്താക്കി 12 വിക്കറ്റ്‌ തികച്ചു. ചെപ്പോക്കിലെ പിച്ചിന്റെ ഗുണങ്ങള്‍ മറ്റാരെക്കാളും നന്നായി അറിയുന്ന തമിഴ്‌നാട്ടുകാരന്‍ കൂടിയായ അശ്വിനു മുന്നില്‍ ഓസീസ്‌ വമ്പന്‍മാര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. എഡ്‌ കോവന്‍(32), ഷെയ്‌ന്‍ വാട്‌സന്‍(17), നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌(31), ജെയിംസ്‌ പാറ്റിന്‍സന്‍(11), മിച്ചല്‍ സ്‌റ്റാര്‍ക്‌(എട്ട്‌) എന്നിവരാണ്‌ ഇന്നലെ അശ്വമേധത്തിനു മുന്നില്‍ ആയുധം വച്ചത്‌.

എട്ടിന്‌ 515 എന്ന നിലയിലാണ്‌ ഇന്ത്യ ഇന്നലെ ബാറ്റിംഗ്‌ പുനരാരംഭിച്ചത്‌. 224 റണ്‍സെടുത്ത നായകന്‍ എം.എസ്‌. ധോണി ആദ്യം പുറത്തായി. ഒരു ഇന്ത്യന്‍ നായകന്‍ ടെസ്‌റ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍ കണ്ടെത്തിയ ശേഷമായിരുന്നു ധോണിയുടെ മടക്കം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്‌ഥാപിച്ച 217 റണ്‍സാണു ധോണി മറികടന്നത്‌. 1999 ല്‍ അഹമ്മദബാദില്‍ ന്യൂസിലന്‍ഡിനെതിരേയാണു സച്ചിന്‍ 217 റണ്‍സെടുത്തത്‌. വാലറ്റക്കാരന്‍ ഭുവനേശ്വര്‍ കുമാറാണ്‌ (38) അവസാനം പുറത്തായത്‌. ധോണിക്കു മികച്ച പിന്തുണ കൊടുക്കാന്‍ ഭുവനേശ്വറിനായി.

 




കൂടുതല്‍വാര്‍ത്തകള്‍.