Breaking Now

പൂമാതെ പൊന്നമ്മ ഷംന കാസിമിന്‌ വെല്ലുവിളി

മികച്ച നടിയായി മറുനാട്ടില്‍ പേരെടുത്തെങ്കിലും ഷംനാ കാസീമിനെ നാട്ടുകാര്‍ അത്രയൊന്നും അംഗീകരിച്ചിട്ടില്ല.

ചട്ടക്കാരിയുടെ പുതിയ പതിപ്പില്‍ അല്‍പ്പം ധീരമായ കാല്‍വെയ്‌പ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും അതും കാര്യമായി ഏശിയില്ല. എന്നാല്‍ കഴിവ്‌ തെളിയിക്കാന്‍ പറ്റിയ വേഷം ഷംനയെ തേടി വരികയാണ്‌.

പലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയുടെ രചയിതാവ്‌ ടി.പി. രാജീവന്റെ തിരക്കഥയിലൊരുങ്ങുന്ന 'പൂമാതൈ പൊന്നമ്മ' എന്ന ചിത്രത്തില്‍ നായികയായി പരിഗണിക്കപ്പെട്ടിരിക്കുന്നത്‌ ഷംനയാണ്‌.

ഷംനയുടെ കരിയറില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന്‌ കരുതുന്ന കഥാപാത്രമാണിത്‌. തികച്ചും അപരിഷ്‌കൃതയായ ഒരു നാടോടി ഗായികയായാണ്‌ ഈ ചിത്രത്തില്‍ ഷംന പ്രത്യക്ഷപ്പെടുന്നത്‌. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കാന്‍ വേണ്ടിയുമുള്ള അവകാശത്തിന്‌ വേണ്ടി പോരാടുന്ന തന്റേടിയായ യുവതിയുടെ വേഷത്തിലാണ്‌ ഷംന ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌.

രണ്ട്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ്‌ രാജീവന്‍ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌. സുരേഷ്‌ കൃഷ്‌ണയാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.