Breaking Now

22 ഫീമെയില്‍ അതിര്‍ത്തി കടക്കുന്നു...

റീമയ്‌ക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത '22 ഫീമെയില്‍ കോട്ടയം' ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലേക്ക്‌ റീമേക്ക്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ പഴയകാല നടനും നിര്‍മ്മാതാവുമായ രാജ്‌കുമാര്‍.

രാജ്‌കുമാറിന്റെ ഭാര്യയും പഴയകാല നായികനടിയുമായ ശ്രീപ്രിയയാണ്‌ മൂന്നു ഭാഷകളിലും ഈ ചിത്രം സംവിധാനം ചെയ്യുക.മുന്നൂറോളം സിനിമകളിലഭിനയിച്ചിട്ടുള്ള ശ്രീപ്രിയ തമിഴില്‍ ഏതാനും ചിത്രങ്ങള്‍ ഇതിനു മുന്‍പ്‌ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഓരോ ഭാഷയിലും ഒരുക്കുമ്പോള്‍ അതാതു പ്രദേശങ്ങള്‍ക്കനുസൃതമായി മൂലകഥ മാറ്റാതെ തിരക്കഥയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുമെന്ന്‌ രാജ്‌കുമാര്‍ പറയുന്നു. മലയാളത്തിലഭിനയിച്ച ആരും ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്‌, തെലുങ്ക്‌ റീമേക്കുകളിലുണ്ടാവില്ലെന്നാണ്‌ അറിയുന്നത്‌.മൂന്നു ഭാഷക്കാര്‍ക്കും സുപരിചിതരും പ്രിയങ്കരരുമായ താരങ്ങളെയാണ്‌ ഈ ചിത്രത്തിലെ നായികാനായക സ്‌ഥാനത്തേക്കു വേണ്ടി രാജ്‌ കുമാര്‍ തിരയുന്നത്‌. പക്ഷേ മലയാളത്തില്‍ ഫഹദ്‌ മനോഹരമാക്കിയ ഇതിലെ പ്രതിനായകന്‍ കൂടിയായ നായക വേഷം ചെയ്യാന്‍ ഒരാളെ കണ്ടുപിടിക്കുകയെന്നത്‌ വലിയ വെല്ലുവിളിയാണെന്നും അഭിപ്രായമുണ്ട്‌. കഥാന്ത്യത്തില്‍ പ്രതികാരദുര്‍ഗ്ഗയായ നായികയുടെ കൈയ്യാല്‍ സ്വന്തം ലിംഗം ഛേദിക്കപ്പെട്ട്‌ ഷണ്ഡനായിത്തീരുന്ന നെഗറ്റീവ്‌ സ്വഭാവക്കാരനായ നായകനാകാന്‍ ഊതിവീര്‍പ്പിച്ച ഇമേജിനനുസരിച്ച്‌ മാത്രം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന ഭൂരിഭാഗം വരുന്ന അന്യഭാഷാ നായകന്മാരില്‍ നിന്ന്‌ ആര്‌ തയ്യാറാകുമെന്നത്‌ ഒരു വലിയ ചോദ്യചിഹ്നഹ്നഹ്നം തന്നെയാണെന്നും രാജ്‌കുമാര്‍ പറയുന്നു.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ നായക വേഷത്തില്‍ ഏതെങ്കിലും പ്രമുഖ ബോളിവുഡ്‌ താരത്തെ അവതരിപ്പിക്കാനാണത്രെ ശ്രമം. ഡല്‍ഹി സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ഇത്തരമൊരു ചിത്രത്തിന്‌ സമകാലീന ഇന്ത്യയില്‍ പ്രസക്‌തിയേറെയാണെന്നും രാജ്‌കുമാര്‍ പറയുന്നു. അതേ സമയം 22 ഫീമെയില്‍ കോട്ടയത്തിന്റെ കന്നഡ പതിപ്പ്‌ താന്‍ തന്നെ നിര്‍മ്മിക്കുമെന്നും മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാകും കന്നഡ പതിപ്പിന്റെ ചുക്കാന്‍ പിടിക്കുകയെന്നും മലയാളത്തില്‍ ഈ ചിത്രം നിര്‍മ്മിച്ച ഒ.ജി. സുനില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.