Breaking Now

രാംസിങ്ങിന്‍റെ മരണം തിഹാറിലെ സുരക്ഷാ വീഴ്ചയെന്ന് ഷിന്‍ഡെ

ദില്ലി കൂട്ട ബലാല്‍സംഗക്കേസിലെ പ്രതി രാംസിങ്ങിന്‍റെ മരണം തിഹാര്‍ ജയിലിലെ സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

മരണം ആത്മഹത്യയാണെന്നാണ് ആദ്യ ഘട്ടത്തിലെ സൂചനകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് രാംസിംഗിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ നമ്പര്‍ മൂന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് രാംസിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ ബസ്സിന്റെ ഡ്രൈവര്‍  ആയിരുന്നു രാംസിംഗ്. സ്വന്തം വസ്ത്രത്തിലാണ് രാംസിംഗ് തൂങ്ങി മരിച്ചത്.

രാംസിംഗ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ അധികൃതരെ പോലീസ് ചോദ്യം ചെയ്തു ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇതേസമയം രാംസിംഗ് ആത്മഹത്യ ചെയ്യാനിടയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ്മ പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു മാനസിക സംഘര്‍ഷവും ഉണ്ടായിരുന്നില്ല. ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതീവ സുരക്ഷാ പ്രാധാന്യമുള്ള ജയിലാണ് തിഹാറിലേത്. കേസിലെ പ്രത്യേക വിചാരണ ഡല്‍ഹി സാകേത് കോടതിയില്‍ തുടരുന്നതിനിടെയാണ് മുഖ്യപ്രതി ആത്മഹത്യ ചെയ്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കൂട്ടമാനഭംഗ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി സാകേതില്‍ സ്ഥാപിച്ചത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കൂട്ടബലാത്സംഗ കേസില്‍ രാം സിംഗിനെ കൂടാതെ 5 പ്രതികളാണ് അറസ്റ്റിലായത്.  മുകേഷ് സിംഗ്, വിജയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത 17 കാരനുമുണ്ട്. ഇയാളുടെ വിചാരണ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡിലാണ് നടക്കുന്നത്.

കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, കൊലപാതകം എന്നിവയ്ക്കു പുറമെ തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.  സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ആറു പേരടങ്ങുന്ന സംഘമാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. താമസസ്ഥലത്തേക്ക് ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയോട് ബസ്സിലുള്ളവര്‍ അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പു വടികൊണ്ട് അടിച്ച് അവശനാക്കിയ ശേഷമായിരുന്നു കൂട്ട മാനഭംഗം.

പെണ്‍കുട്ടി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.