Breaking Now

നാവികര്‍ രക്ഷപ്പെട്ടതിന്റെ മുഖ്യകാരണം ജുഡീഷ്യറിയുടെ വീഴ്ചയെന്ന് നിയമ വിദഗ്ധര്‍

വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാതെ കേന്ദ്രസര്‍ക്കാരും നാവികരെ രക്ഷപ്പെടാന്‍ സഹായിച്ചു.

നാവികരെ തിരികെ കൊണ്ടുവരുന്നതിനായി ഇറ്റാലിയന്‍ കോടതിയെ സമീപിക്കേണ്ട ഗതികേടിലായി ഇതോടെ ഇന്ത്യ.

ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ചു കൊണ്ട് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാരിന് മേല്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ചു കൊണ്ടായിരുന്നു.

ഇന്ത്യയും ഇറ്റലിയുമായുള്ള ഊഷ്മളമായ നയതന്ത്ര ബന്ധം പരിഗണിച്ച് കോടതിക്ക് തീരുമാനിക്കാമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. അങ്ങിനെ കേന്ദ്രസര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ നാവികരെ നാട്ടില്‍ അയയ്ക്കുന്നതിന് എതിര്‍പ്പില്ല എന്നായിരുന്നു അന്ന് ജസ്റ്റിസ് ഭവതാസിന്റെ വിധി. എന്നാല്‍ വോട്ടു ചെയ്യാന്‍ നാട്ടില്‍ പോകാന്‍ അനുവദിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവ് ഈ മുന്‍കരുതല്‍ ഇല്ലാത്തതായി. പാസ്‌പോര്‍ട്ട് പോലും ഇല്ലാതെ യാത്ര ചെയ്യുന്നതിനുള്ള അനുമതിയായിരുന്നു സുപ്രീംകോടതി നല്‍കിയത്.

സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി അയച്ചതില്‍ തങ്ങളെന്തു ചെയ്യാനാണ് എന്നു ചോദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതോടെ അവസരം ലഭിച്ചു.

മാത്രമല്ല അന്താരാഷ്ട്ര നിയമപ്രകാരം ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ജനുവരി 18ലെ സുപ്രീംകോടതി നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. ഇതോടെ ഇന്ത്യ വിചാരണ നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ഇറ്റലിക്ക് വാദിക്കുവാനും സാധിച്ചു. രണ്ട് സാധ്യതകളാണ് ഇനി ഇന്ത്യക്ക് മുന്നില്‍ അവശേഷിക്കുന്നത്.

01)നയതന്ത്ര തലത്തില്‍ ഇടപെട്ട് ഇറ്റലിയുടെ മനസ്സുമാറ്റി നാവികരെ തിരികെ ഇന്ത്യയിലെത്തിക്കുക. ഇറ്റലിയുടെ ഇപ്പോഴത്തെ നിലപാട് നോക്കിയാല്‍ അതിന് സാധ്യത കുറവാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിയെ തിരികെ വിളിക്കാന്‍ ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവും.

02)കുറ്റവാളികളെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ പ്രകാരം ഇറ്റാലിയന്‍ കോടതിയില്‍ കാത്തുകെട്ടി കിടക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗ്ഗം.

03)ഇറ്റാലിയന്‍ കോടതിയില്‍ നാവികരെ വിചാരണ ചെയ്യാന്‍ ആ രാജ്യെ തീരുമാനിച്ചാലും പ്രശ്‌നമുണ്ട്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സ്വന്തക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കൊണ്ടുള്ള കരാര്‍ നാവികര്‍ക്ക് തുണയാകും. ഇറ്റാലിയന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഈ കരാറിന് ഏറെ പ്രാധാന്യമുണ്ട്. ചുരുക്കത്തില്‍ കൊലയാളികളായ ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെടാനാണ് സാധ്യതയെന്ന് പറയേണ്ടി വരും.

 




കൂടുതല്‍വാര്‍ത്തകള്‍.