Breaking Now

ഇത് വിധിയുടെ വിളയാട്ടമോ - മറീന ചാപ്മാൻ എന്ന വീട്ടമ്മ കപ്പുചിൻ കുരങ്ങുകളുടെ വളർത്തു മകൾ ആയ കഥ

മറീന ചാപ്മാൻ എന്ന കപ്പുചിൻ കുരങ്ങുകളുടെ വളർത്തു മകൾ ഇപ്പോൾ തികഞ്ഞ വീട്ടമ്മ. താൻ എങ്ങിനെ കപ്പുചിൻ കുരങ്ങുകളുടെ വളർത്തു മകളായി മാറിയെന്ന കഥ ഏതാണ്ട് 50 വർഷത്തിനു ശേഷം മറീന പങ്കു വെയ്ക്കുന്നു.

മറീന ചാപ്മാൻ എന്ന വനിതാ ഇപ്പോൾ ഒരു തികഞ്ഞ വീട്ടമ്മയാണ്. എന്നാൽ അവർ കടന്നു വന്ന വഴികൾ അറിയുമ്പോൾ നമ്മൾ ഒരു ഫാന്റസി സിനിമയുടെ കഥ കേൾക്കുകയാണോ എന്ന് വിചാരിച്ചു പോവും. കാട്ടിലെ മൃഗങ്ങളുടെ ശിക്ഷണത്തിൽ വളർന്നു പിന്നീട് കാട്ടിൽ അപകടത്തിൽ പെട്ട് പോകുന്നവരെ രക്ഷിക്കുന്ന ടാർസനും കൊച്ചു കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മൌഗ്ലിയെ കുറിച്ചെല്ലാം ടിവിയിലും കഥാ പുസ്തകങ്ങളിലും വായിച്ചിട്ടുള്ള നമ്മൾക്ക്  മറീനയുടെ കഥ കേൾക്കുമ്പോൾ അത് പോലെയുള്ള ഏന്തെങ്കിലും കഥാപാത്രമാണോ ഇവർ എന്ന് തോന്നിയാൽ അതിൽ അത്ഭുതമില്ല.

ഇപ്പോൾ രണ്ടു കുട്ടികളുടെ മാതാവായ മറീനയെ വളർത്തിയത്‌ കൊളംബിയൻ കാടുകളിൽ കാണുന്ന കപ്പുചിൻ കുരങ്ങുകളാണ്. ചെറു വയസ്സിൽ തന്നെ കൊളംബിയയിൽ നിന്നും മറീനയെ ആരോ തട്ടി കൊണ്ട് പോന്നതാണ്. എന്നാൽ പിന്നീട് എന്തോ കാരണത്താൽ അഞ്ചു വയസ്സുക്കാരി മറീനയെ സൗത്ത് അമേരിക്കൻ മഴ കാടുകളിൽ ഉപേക്ഷിച്ചു. എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ആ പ്രായത്തിൽ തന്നെ രക്ഷിച്ചത് കപ്പുചിൻ കുരങ്ങുകളാണ് എന്ന് അവർ പറഞ്ഞു. അഞ്ചു വർഷത്തോളം തനിക്കു കൂട്ടായി ആ കാട്ടിൽ ഉണ്ടായിരുന്നത് അവരായിരുന്നു എന്ന് ആ വീട്ടമ്മ പറഞ്ഞു. പിന്നീട് അവരെ പോലെ മരം കയറാനും പഴങ്ങളും കിഴങ്ങുകളും ഭക്ഷിച്ചു ജീവിക്കാൻ പതുക്കെ പതുക്കെ മറീന പഠിച്ചു. അവരുടെ ശബ്ദങ്ങൾ അനുകരിക്കാനും അവയെ പോലെ ജീവിക്കാനും തുടങ്ങിയ മറീന ക്രമേണ അവരുടെ കുടംബത്തിലെ അംഗമായി മാറുകയായിരുന്നു.

അഞ്ചു വർഷത്തിനു ശേഷം മറീനയെ കാട്ടിലെത്തിയ കുറെ വേട്ടക്കാർ കണ്ടു. എന്നാൽ വിധി അവിടെയും മറീനയോട് ദയവ് കാണിച്ചില്ല. അവർ അവളെ നാട്ടിലെ ഒരു വേശ്യാലയത്തിനു വിറ്റു. പിന്നീട് മറീനയുടെ ജീവിതം നരകതുല്യമായിരുന്നു. അവിടെ നിന്നും എങ്ങിനെയൊക്കെയോ രക്ഷപെട്ട മറീന എത്തിച്ചേർന്നത് ബ്രിട്ടനിലാണ്. പിന്നീട് കുറച്ചു നാൾ വീട്ടുവേലക്കാരിയായി ജോലി ചെയ്തു. 1977 - ൽ ജോണ്‍ ചാപ്മാനെ പരിചയപ്പെട്ടതാണ് മറീനയുടെ ജീവിതത്തെ വഴി തിരിച്ചത്. ജോണ്‍ ചാപ്മാനെ വിവാഹം ചെയ്ത മറീന തന്റെ രണ്ടു പെണ്‍കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു. എന്നാൽ താൻ ഇപ്പോളും തന്റെ രക്ഷിതാക്കളായി കാണുന്നത് ആ കപ്പുചിൻ കുരങ്ങുകളെയാണ് എന്ന് മറീന പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.