ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റി വിളിച്ചുവരുത്തുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചുള്ളതായുള്ള ആരോപണങ്ങളെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഡാറ്റാ ശേഖരണ സ്ഥാപനം 50 മില്ല്യണ്‍ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ പ്രയോജനപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍ യാതൊരു അനധികൃത ഇടപെടലും നടത്തിയിട്ടില്ലെന്ന് കേംബ്രിഡ്ജ് അനലിറ്റിക അവകാശപ്പെടുന്നു.
അന്വേഷണങ്ങളുടെ ഭാഗമായി സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബ്രിട്ടനിലെ ചാനല്‍ 4 ന്യൂസിന്റെ അണ്ടര്‍കവര്‍ റിപ്പോര്‍ട്ടറോട് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകളെക്കുറിച്ച് വെളിപ്പെടുത്തിയതാണ് ഫേസ്ബുക്കിന്റെ വീഴ്ചകള്‍ പുറത്തുകൊണ്ടുവന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഫേസ്ബുക്ക് നടപടി സ്വീകരിച്ചില്ലെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
മുന്‍പ് പല തവണ ഫേസ്ബുക്കിനോട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് ലഭിച്ചതെന്ന് യുകെ പാര്‍ലമെന്ററി മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഡാമിയന്‍ കോളിന്‍സ് വ്യക്തമാക്കി. ഇനി ഇതേക്കുറിച്ച് ഫേസ്ബുക്ക് സീനിയര്‍ എക്‌സിക്യൂട്ടീവില്‍ നിന്ന് തന്നെ ചോദിച്ചറിയും, കോളിന്‍സ് പറഞ്ഞു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ച സംഭവത്തില്‍ ബ്രിട്ടന്റെ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണറും സോഷ്യല്‍ മീഡിയ വമ്പനെതിരെയും, കേംബ്രിഡ്ജ് അനലിറ്റിക്കക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രചരണത്തിനായി സുന്ദരികളായ സ്ത്രീകളെ വരെ ഉപയോഗപ്പെടുത്താറുണ്ടെന്നാണ് അലക്‌സാണ്ടര്‍ നിക്‌സ് വെളിപ്പെടുത്തിയത്. വന്‍തോതില്‍ പണമിറക്കി ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച് നാണംകെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.