എന്‍എച്ച്എസ് നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിയ കൊലപാതകങ്ങള്‍ ബ്രിട്ടനെ ഞെട്ടിച്ചവയാണ്. അവര്‍ക്കൊരു മുന്‍ഗാമിയായിരുന്നു ഹരോള്‍ഡ് ഷിപ്മാന്‍. എന്നാല്‍ രോഗികളെ ജീവന്‍ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്ന ജീവനക്കാര്‍ ഇനി ഉടലെടുക്കാതിരിക്കാന്‍ ഹൈടെക് പ്രയോഗിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നീക്കം.
എന്‍എച്ച്എസ് പരിഷ്‌കാരങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന എഐ പദ്ധതി ഗുരുതര സംഭവങ്ങള്‍ കണ്ണില്‍ പെടാതെ പോകുന്നത് തടയുമെന്നാണ് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ചൂഷണങ്ങളും, ഗുരുതര പരുക്കുകളും, മരണങ്ങളും സംഭവിക്കുന്നത് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ പുതിയ നടപടികള്‍ സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു.
'രോഗിയെ അപകടത്തിലാക്കുന്ന ചെറിയൊരു വീഴ്ച പോലും വലിയ സംഭവമാണ്. സുരക്ഷ ലംഘിക്കപ്പെടുമ്പോള്‍ ഏതെങ്കിലും ഒരു വ്യക്തി ബാധിക്കപ്പെടുന്നുണ്ട്. എഐ ഉപയോഗിച്ച്, ലോകത്തില്‍ ആദ്യമായി മുന്നറിയിപ്പ് സിസ്റ്റം നടപ്പാക്കുന്നതോടെ അപകടകരമായ സൂചനകള്‍ നേരത്തെ ലഭിക്കും, ഇതുവഴി പരിശോധനകള്‍ നടത്തി അപകടം തടയാം', സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
നഴ്‌സ് ലെറ്റ്ബി 15 ആജീവനാന്ത ജീവപര്യന്തങ്ങളാണ് അനുഭവിച്ച് വരുന്നത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, ഏഴ് പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് കേസ്. ജിപി ഷിപ്മാന്‍ രണ്ട് ദശകം കൊണ്ട് 200-ലേറെ രോഗികളെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. 2000-ല്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ 2004ല്‍ മരിച്ചു.