അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ എയര്‍ ഇന്ത്യ 171 അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യത പരിശോധിച്ച് ഏവിയേഷന്‍ അപകട വിദഗ്ധര്‍. വിമാനത്തിന് പറന്നുയരാന്‍ കഴിയാതെ പോയതിന് പിന്നില്‍ അട്ടിമറിക്ക് പങ്കുണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
53 ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 260 പേര്‍ക്കാണ് അപകടത്തില്‍ ജീവഹാനി സംഭവിച്ചത്. ജൂണ്‍ 12ന് ബോയിംഗ് 787-8 ഡ്രീംലൈനര്‍ പറന്നുയര്‍ന്നതിന് പിന്നാലെ താഴേക്ക് പതിക്കുകയും, പൊട്ടിത്തെറിച്ച് 242 പേര്‍ക്ക് മരണം സമ്മാനിക്കുകയും ചെയ്തു. 40-കാരന്‍ വിശ്വാഷ് കുമാര്‍ രമേഷ് മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരന് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
പറന്നുയര്‍ന്ന വിമാനത്തിന് കേവലം 40 സെക്കന്‍ഡ് മാത്രമാണ് ആകാശത്ത് നില്‍ക്കാന്‍ സാധിച്ചത്. പറന്ന് യാത്ര ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ അത്യാഹിതത്തിലേക്ക് നയിച്ചതിന് പിന്നില്‍ എന്തായിരിക്കുമെന്നതിന് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അട്ടിമറി ഉള്‍പ്പെടെ പല സാധ്യതകളും പരിശോധിക്കുന്നതായി സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോല്‍ സ്ഥിരീകരിച്ചു.
നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെങ്കിലും ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എല്ലാ സാധ്യതകളും പരിഗണിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ആദ്യമായാണ് അട്ടിമറി സാധ്യതയും പരിശോധിക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. റണ്‍വെയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം പൈലറ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടമായെന്ന് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ച് അറിയിച്ചിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരേ സമയം പരാജയപ്പെട്ടിരിക്കാമെന്നും കരുതുന്നുണ്ട്.