എന്‍എച്ച്എസിലെ ശമ്പളവര്‍ദ്ധനവിന് പരിധി നിശ്ചയിച്ച തീരുമാനം പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് 6.5% ശമ്പളവര്‍ദ്ധനവിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷമെടുക്കും ഈ വര്‍ദ്ധനവിലേക്ക് കാര്യങ്ങള്‍ എത്താന്‍. കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ക്ക് 30% വരെ വര്‍ദ്ധനവാണ് ലഭിക്കുക.
ഏഴ് വര്‍ഷക്കാലത്തെ കടുപ്പമേറിയ കാലത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് ഈ നീക്കം. ധനക്കമ്മി ഒഴിവാക്കാനായി സര്‍ക്കാര്‍ വര്‍ദ്ധനവ് പിടിച്ചുനിര്‍ത്തിയതോടെയാണ് ജീവനക്കാര്‍ ദുരിതകാലത്തിലൂടെ കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് ശേഷം പഴ്‌സില്‍ നിന്നും പണമിറക്കാന്‍ തയ്യാറാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിരുന്നു. ശമ്പള വര്‍ദ്ധനവ് നടപ്പാക്കാത്തതാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടി നേരിടാന്‍ പ്രധാന കാരണമായി വിലയിരുത്തിയത്.
നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പോര്‍ട്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യൂണിയന്‍ നേതാക്കള്‍ വര്‍ദ്ധനവിന്റെ കാര്യത്തില്‍ അന്തിമതീരുമാനത്തിനായി തൊഴില്‍ദാതാക്കളെ കാണും. ജൂലൈ മുതല്‍ വര്‍ദ്ധനവ് കൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കും. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ദ്ധനവ് നടപ്പാക്കാന്‍ 4 ബില്ല്യണ്‍ പൗണ്ട് വേണ്ടിവരുമെന്നാണ് കണക്ക്.
വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും വര്‍ദ്ധനവിനായി ഫണ്ട് ലഭ്യമാക്കും. എന്‍എച്ച്എസില്‍ 9 പേ ബാന്‍ഡുകളാണുള്ളത്, നഴ്‌സുമാര്‍ അഞ്ചാമത്തെ ബാന്‍ഡിലാണ് ഉള്‍പ്പെടുക. പ്രാഥമിക ശമ്പളം 22000 പൗണ്ട്.