ഈ ആഴ്ച അവസാനിക്കുമ്പോള്‍ മഞ്ഞിന് കടുപ്പമേറും. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ദിവസം ഓഫ് ഡേ ആഘോഷിക്കുമ്പോള്‍ മഞ്ഞ് കനക്കും. ഇതോടെ ഈസ്റ്ററും മഞ്ഞുപുതയ്ക്കുമെന്ന പ്രവചനത്തിലാണ് കാലാവസ്ഥാ വിദഗ്ധര്‍. ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ഈസ്റ്ററായി ഇത്തവണ മാറുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ജനങ്ങള്‍ ഒരു ഇടവേള ആഘോഷിക്കാമെന്ന് ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് മഞ്ഞ് ശനിദശയായി മാറുന്നത്. ഇക്കുറി ഈസ്റ്ററിന് താപനില -12.5 സെല്‍ഷ്യസില്‍ താഴ്ന്നാല്‍ അതൊരു റെക്കോര്‍ഡാകും. 2013 മാര്‍ച്ചില്‍ സ്‌കോട്ട്‌ലണ്ടിലെ ബ്രീമറിലാണ് ഈ താപനില രേഖപ്പെടുത്തിയത്.
ഗുഡ് ഫ്രൈഡെ ദിനത്തില്‍ രാവിലെ മുതല്‍ സ്‌കോട്ട്‌ലണ്ടില്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. ഇത് ഉച്ചയോടെ നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്ക് നീങ്ങും. ശനിയാള്ച സ്‌കോട്ട്‌ലണ്ടിലും വെയില്‍സിലും ചെറിയ തോതില്‍ മഞ്ഞുവീഴും. ഞായറാഴ്ച ഇതിന്റെ കടുപ്പമേറുന്നതോടെ സ്‌കോട്ട്‌ലണ്ടും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടും മഞ്ഞ് പുതച്ച് കിടക്കും.
യുകെയുടെ മറ്റ് ഭാഗങ്ങളില്‍ കനത്ത മഴയ്ക്കാണ് സാധ്യത. എന്തായാലും ഈസ്റ്റര്‍ പരിപാടികള്‍ മഞ്ഞില്‍ മുങ്ങുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.