ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഇപ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിലാണ്. ഡിജിറ്റല്‍ യുഗത്തില്‍ സെല്ലുലോയ്ഡ് ചിത്രങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ഇതിനിടെ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെയും ഇദ്ദേഹം കണ്ടു. ക്രിസ്റ്റഫര്‍ നോളനൊപ്പമുള്ള ചിത്രം കമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
തന്റെ പാപനാശം എന്ന ചിത്രം നോളന്‍ കണ്ടതായി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്നും കമല്‍ഹാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ രംഗപ്രവേശം. ചിത്രത്തിന്റെ ഒറിജിനല്‍ വേര്‍ഷനായ ദൃശ്യം കാണണമെന്നായിരുന്നു നോളന് ലാല്‍ ഫാന്‍സിന്റെ ഉപദേശം. ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് പാപനാശം.
ജീത്തു ജോസഫാണ് ഇരു ചിത്രങ്ങളുടെയും സംവിധാനം നിര്‍വ്വഹിച്ചത്. ഇരുഭാഷകളിലും ചിത്രം വന്‍ വിജയവുമായി. കേബിള്‍ ഓപ്പറേറ്ററായ ജോര്‍ജ്ജുകുട്ടിയുടെ കഥാപാത്രത്തെ മോഹന്‍ലാല്‍ അവിസ്മരണീയമായ രീതിയില്‍ അവതരിപ്പിച്ചു. ദൃശ്യം തമിഴില്‍ പാപനാശമായപ്പോള്‍ ആവശ്യമായ മാറ്റങ്ങളോടെ കമല്‍ഹാസന്‍ ആ കഥാപാത്രത്തെ പുനരവതരിപ്പിച്ചു. ദൃശ്യം പിന്നീട് ഹിന്ദിയിലും എത്തി, അജയ് ദേവ്ഗണാണ് ബോളിവുഡില്‍ നായകനായത്.
കമല്‍ഹാസന്റെ അഭിനയത്തേക്കാള്‍ മികച്ച രീതിയില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ കൈകാര്യം ചെയ്‌തെന്നായിരുന്നു ആരാധകരുടെ അവകാശവാദം. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തെത്തി. ചുരുങ്ങിയ സമയം കൊണ്ട് മോഹന്‍ലാല്‍-കമല്‍ഹാസന്‍ ആരാധകര്‍ തമ്മിലുള്ള വാക്‌പോരിലേക്ക് കാര്യങ്ങള്‍ മാറി. കമലും, മോഹന്‍ലാലും മാറിനില്‍ക്കും മമ്മൂട്ടി വന്നാല്‍ എന്ന തരത്തില്‍ മമ്മൂട്ടി ഫാന്‍സും രംഗത്തെത്തി.
ഇപ്പോള്‍ ഒരു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ തമ്മിലുള്ള പോരാട്ടം ഓണ്‍ലൈനില്‍ കൊഴുക്കുമ്പോള്‍ ഇതൊന്നും താരങ്ങള്‍ അറിയുന്നില്ലെന്നതാണ് സത്യം.