'കാന്താ ലഗാ' ഐക്കണിക്ക് മ്യൂസിക് വീഡിയോയിലൂടെ പ്രശസ്തയായ നടിയും മോഡലുമായ ഷെഫാലി ജരിവാല (42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂണ്‍ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ ബെല്ലെവ്യൂ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.
2002-ല്‍ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെ ''കാത്താ ലഗാ' ഗേള്‍' എന്ന പേര് നേടിയ ഷെഫാലി. ഈ ആല്‍ബം വന്‍ ഹിറ്റായതോടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടി. 2000-കളുടെ തുടക്കത്തില്‍ പോപ്പ് സംസ്‌കാരത്തിന്റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയെ ഒരു ദേശീയ താരമാക്കി.
പിന്നീട്, 2004-ല്‍ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ അഭിനയിച്ച 'മുജ്‌സെ ഷാദി കരോഗി' എന്ന ചലച്ചിത്രത്തില്‍ ഒരു ക്യാമിയോ വേഷത്തില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. 2019-ല്‍ ഷെഫാലി 'ബിഗ് ബോസ് 13' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ വീണ്ടും ശ്രദ്ധ നേടി.