ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ വിമര്‍ശനം. പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശം. ഡി സിനിമാസിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടും നടപടി വൈകിയതെന്തിനെന്ന് കോടതി ചോദിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരാഴ്ച കൂടി കോടതി വിജിലന്‍സിന് സമയം അനുവദിച്ചു.
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ഡി സിനിമാസ് തീയറ്റര്‍ കോംപ്ലക്‌സ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്ക് ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരാഴ്ച കൂടി കോടതി സമയം അനുവദിച്ചു.
വിഷയത്തില്‍ നടന്‍ ദിലീപിനു പുറമേ മുന്‍ ജില്ലാ കളക്ടര്‍ എം എസ് ജയയെയും എതിര്‍കക്ഷിയാക്കിയാണ് പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.