പരമ്പരാഗത ഉടവാളുമായി പുറത്തിറങ്ങിയ സിഖുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്. നിയമപരമായി കൃപാണ്‍ കൈയില്‍ കൊണ്ടുനടക്കാന്‍ നിയമം അനുവദിക്കുമ്പോഴാണ് ഈ അറസ്റ്റ്. അരയില്‍ ഉറപ്പിച്ച ഉറയിലാണ് ഇദ്ദേഹം കൃപാണ്‍ സൂക്ഷിച്ചിരുന്നത്. 'ഞാനൊരു സിഖുകാരനാണ്, എനിക്ക് വേണമെങ്കില്‍ ഇത് കൊണ്ടുനടക്കാം' എന്ന് പോലീസ് ഓഫീസറോട് സിഖുകാരന്‍ പറയുന്നുണ്ടെങ്കിലും ഓഫീസര്‍ ഇത് ചെവികൊള്ളുന്നില്ല.
ബര്‍മിംഗ്ഹാമിലെ ബുള്‍ സ്ട്രീറ്റില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. സിഖ് വാളിന്റെ പേരിലാണ് അറസ്റ്റ് നടന്നതെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ച സ്ത്രീ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 2018 ഒഫെന്‍സീവ് വെപ്പണ്‍സ് ബില്‍ പ്രകാരം സിഖുകാര്‍ക്ക് കൃപാണ്‍ കൊണ്ടുനടക്കാന്‍ യുകെ ഗവണ്‍മെന്റ് അനുമതി നല്‍കിയത്.
പരമ്പരാഗത നീലവസ്ത്രം അണിഞ്ഞ സിഖുകാരന്റെ അരയിലാണ് കൃപാണ്‍ സൂക്ഷിച്ചിരുന്നത്. അറസ്റ്റ് ചെയ്യാനായി ഓഫീസര്‍ റേഡിയോ വഴി ബാക്ക്അപ്പ് തേടുന്നുണ്ട്. അറസ്റ്റ് ചെയ്യുമ്പോഴും മറ്റുള്ളവരുമായി സംസാരിക്കാന്‍ ശ്രമിക്കുന്ന സിഖുകാരനെ ഓഫീസര്‍ തടയുകയും ചെയ്തു. നിയമങ്ങള്‍ മനസ്സിലാക്കാതെയാണ് ഓഫീസര്‍ ഈ ഇടപെടല്‍ നടത്തുന്നതെന്നാണ് ഓണ്‍ലൈന്‍ ലോകത്തിന്റെ വിലയിരുത്തല്‍.
യുകെയില്‍ കത്തി അക്രമണങ്ങള്‍ വന്‍തോതില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മതത്തിന്റെ പേരിലായാലും ഇത്തരം ആയുധങ്ങള്‍ കൊണ്ടുനടക്കേണ്ടെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.