വര്‍ഷങ്ങള്‍ക്കിടെ നേരിട്ട ഏറ്റവും വലിയ പവര്‍കട്ടില്‍ രാജ്യത്തിന്റെ നല്ലൊരു ശതമാനം ഭാഗങ്ങളും ഇരുട്ടില്‍. നാഷണല്‍ ഗ്രിഡ് നേരിട്ട സുപ്രധാന പ്രതിസന്ധി മൂലം രണ്ട് ജനറേറ്ററുകളിലെ ടെക്‌നിക്കല്‍ പ്രശ്‌നങ്ങളാണ് രാജ്യത്തെ ഇരുട്ടിലേക്ക് നയിച്ചത്. ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, ട്രെയിനുകള്‍ റദ്ദാക്കുരകയും ചെയ്തു. കൂടാതെ സ്റ്റേഷനുകള്‍ ഒഴിപ്പിക്കുകയും ചെയ്തു. ഗ്യാസ് ഉപയോഗിക്കുന്ന പവര്‍സ്റ്റേഷനിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ യോര്‍ക്ക്ഷയര്‍ തീരത്തെ വിന്‍ഡ് ഫാമിലും അപാകതകള്‍ ഉണ്ടായെന്നാണ് വെള്ളിയാഴ്ച പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ഓഫ്‌ഷോര്‍ കാറ്റാടി യന്ത്രവും, ഗ്യാസ് ടര്‍ബൈനും ഒരേ സമയത്ത് പ്രവര്‍ത്തനം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് നാഷണല്‍ ഗ്രിഡ് കോണ്‍ട്രാക്ടര്‍ അപ്‌സൈഡ് എനര്‍ജി വ്യക്തമാക്കി. വൈദ്യുതി ഉത്പാദനം ക്രമാതീതമായി കുറഞ്ഞതോടെ രാജ്യത്ത് ഇതിന്റെ പ്രതിഫലനം അലയടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം തിരക്കേറിയ സമയത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജനങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. വൈകുന്നേരം 5 മണിയോടെയാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വൈദ്യുതിബന്ധം തടസ്സപ്പെട്ടത്.
ലണ്ടന്‍, സൗത്ത് ഈസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് പവര്‍കട്ട് നേരിട്ടത്. രണ്ട് മണിക്കൂര്‍ നേരം കൊണ്ടാണ് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി ഓപ്പറേറ്ററിന് പ്രശ്‌നം തീര്‍ക്കാന്‍ സാധിച്ചത്. ഇതോടെ പവര്‍കട്ടിന്റെ കാരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ വ്യാപകമായി. എന്നാല്‍ ഹാക്കര്‍മാരാണ് പവര്‍ ശൃംഖലയില്‍ കടന്നാക്രമണം നടത്തിയതെന്നതിന് തല്‍ക്കാലം തെളിവൊന്നും ഇല്ലെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ വ്യക്തമാക്കി.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലും, കാല്‍ഫാം ജംഗ്ഷനിലും യാത്ര ചെയ്തവരാണ് യാത്രക്കിടയില്‍ ഇരുട്ടില്‍ തപ്പിയത്. ബ്രിട്ടനിലെ തിരക്കേറിയ സ്റ്റേഷനായ ലണ്ടന്‍ കിംഗ്‌സ് ക്രോസില്‍ ട്രെയിനില്‍ കുടുങ്ങിയ ആയിരക്കണക്കിന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടി വന്നു. ലണ്ടന്‍-ബെഡ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്-പീറ്റര്‍ബറോ എന്നിവിടങ്ങളിലെ സര്‍വ്വീസുകള്‍ റദ്ദാക്കി. ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഫൊര്‍മേഷന്‍ സ്‌ക്രീനുകള്‍ ഓഫായതോടെ യാത്രക്കാര്‍ ദുരിതത്തിലായി.