Breaking Now

ചെന്നൈയിലെ ഐടി ഉദ്യോഗസ്ഥ ജീവയുടെ മരണം കൊലപാതകമെന്നു സംശയ : രാഹുൽ അറസ്റ്റിൽ

സോഫ്ട്‌വെയർ എൻജിനിയർ നെടുമങ്ങാട് പുലിപ്പാറ കമലാലയത്തിൽ ജീവ ബി. നായരെ (23) മലപ്പുറം സ്വദേശി രാഹുലിന്റെ ചെന്നൈയിലെ ഫ്ളാറ്റിൽ ശനിയാഴ്ച പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രാഹുലിനെ ചെന്നൈ വേളാച്ചേരി പൊലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ പുഴൽ ജയിലിൽ റിമാ‌ൻഡു ചെയ്തു.

പൊലീസിനോട് രാഹുൽ പറഞ്ഞത്

ജീവയും രാഹുലും ബാംഗ്ളൂരിലെ കമ്പനിയിൽ മുമ്പ് ഒരുമിച്ച് ജോലി ചെയ്‌തിരുന്നു. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ഇതേ കമ്പനിയിലെ മറ്റൊരു മലയാളി യുവതിയുമായി രാഹുൽ അടുപ്പത്തിലായി. ഇതേക്കുറിച്ച് ജീവയും രാഹുലും തമ്മിൽ കലഹിച്ചിരുന്നു. തുടർന്ന് രാഹുൽ ചെന്നൈയിലേക്ക് സ്ഥലംമാറ്റം വാങ്ങുകയായിരുന്നു. ബാംഗ്ളൂരിൽ നിന്ന് യുവതി ഇടയ്ക്കിടെ ചെന്നൈയിൽ രാഹുലിന്റെ ഫ്ളാറ്റിലെത്തിയിരുന്നു. ഇതറിഞ്ഞാണ് ജീവ കഴിഞ്ഞദിവസം രാഹുലിനെ കാണാനെത്തിയത്. ഫ്ളാറ്റിൽ ഈസമയം യുവതിയും ഉണ്ടായിരുന്നു. മുറിയിൽ കയറിയ ജീവ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് രാഹുലും സുഹൃത്തുക്കളും പൊലീസിനോടു പറഞ്ഞത്. 

ജീവയുടെ മരണത്തിൽ ദുരൂഹത: ബന്ധുക്കൾ

നെടുമങ്ങാട്: ജീവയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രാഹുലിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ജീവയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം തന്റെ സഹോദരിമാരോടും മറ്റു ചില സഹജീവനക്കാരോടും ജീവ പറഞ്ഞിരുന്നു. രാഹുലിന്റെയും കൂട്ടുകാരന്റെയും ഇഷ്ടത്തിനു വഴങ്ങാൻ ജീവ കൂട്ടാക്കിയിരുന്നില്ലത്രേ. ജീവയോടൊപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന ചില വനിതാ ജീവനക്കാർ രാഹുലിനു വഴങ്ങാൻ ജീവയെ പ്രേരിപ്പിച്ചിരുന്നതായും സൂചനയുണ്ട്.

മടക്ക ടിക്കറ്റ് മുൻകൂർ ബുക്കുചെയ്ത് ചെന്നൈയിലെത്തിയ ജീവ, രാഹുലും കൂട്ടുകാരും പുറത്തുപോയിരിക്കെ രാഹുലിന്റെ ഫ്ളാറ്റിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ചെന്നൈ പൊലീസ് ആദ്യം പറഞ്ഞത് എന്നാൽ, ജീവയുടെ മരണസമയം രാഹുലും ഒരു യുവതിയും ഉൾപ്പെടെ ഏഴുപേർ ഫ്ളാറ്റിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് നാലിനും ആറിനും ഇടയിലാണ് ജീവയുടെ മരണം സംഭവിച്ചത്. മൂന്നര മണിയോടെ മൂത്ത സഹോദരി ജിനിയെ ഫോണിൽ വിളിച്ച് താൻ ചെന്നൈയിൽ സുഹൃത്തുക്കൾക്കൊപ്പമാണെന്നും സന്ധ്യയോടെ മടങ്ങിപ്പോകുമെന്നും ജീവ അറിയിച്ചിരുന്നു. പിതാവ് ഭുവനചന്ദ്രൻ നായരെ തലേന്നു രാത്രിയിൽ വിളിച്ച് അപ്പച്ചിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തുമെന്ന് ഉറപ്പും നൽകിയിരുന്നു. ജീവ ആത്മഹത്യ ചെയ്യുകയില്ലെന്ന ഉറച്ച നിലപാടിലാണ് മാതാപിതാക്കളും ബന്ധുക്കളും.

ഇന്നലെ രാവിലെ എട്ടരയോടെ ജീവയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. മൃതദേഹത്തെ അനുഗമിച്ചെത്തിയ ജോലിസ്ഥലത്തെ ഏതാനും സുഹൃത്തുക്കളും ജീവ ആത്മഹത്യ ചെയ്യില്ലെന്ന അഭിപ്രായമാണ് പങ്കുവച്ചത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.