വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ചിലര്‍ക്കൊരു ഹരമാണ്. അതിനുള്ള പണം പണിയെടുത്ത് ഉണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ സ്വന്തം കാര്യങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും പണംതട്ടിച്ച് ജീവിക്കുന്നത് ശരിയായ കാര്യമാണോ? തീര്‍ച്ചയായും അല്ല. പക്ഷെ നഴ്‌സ് സ്റ്റേസി ബാന്‍ഫീല്‍ഡിനെ ഈ വിധ ചിന്തകളൊന്നും അലട്ടിയില്ല. തന്റെ വാര്‍ഡിലെ ഡിമെന്‍ഷ്യ രോഗികളില്‍ നിന്നും നൂറുകണക്കിന് പൗണ്ട് അടിച്ചുമാറ്റിയാണ് നഴ്‌സ് വസ്ത്രങ്ങള്‍ വാങ്ങി ധൂര്‍ത്തടിച്ചത്.
സൗത്ത് വെയില്‍സിലെ നീത്ത് പോര്‍ട്ട് ടാല്‍ബോട്ട് ഹോസ്പിറ്റലിലെ അവശതകള്‍ നേരിടുന്ന രോഗികളെയാണ് ഈ 31-കാരി ലക്ഷ്യമിട്ടത്. ഇവരുടെ ബാങ്ക് വിവരങ്ങള്‍ കവര്‍ന്നാണ് നഴ്‌സ് സമ്പാദ്യങ്ങളില്‍ കൈവെച്ചത്. ഇതിന് ശേഷം ഓണ്‍ലൈന്‍ ശൃംഖലകളായ റിവര്‍ ഐലന്‍ഡ്, ബൂബൂ എന്നിവിടങ്ങളില്‍ നിന്നും ഇതുപയോഗിച്ച് വസ്ത്രങ്ങള്‍ വാങ്ങുകയാണ് ചെയ്തത്.
എന്നാല്‍ ദുരൂഹമായ ട്രാന്‍സാക്ഷന്‍ ശ്രദ്ധിച്ച രണ്ട് രോഗികളുടെ ബന്ധുക്കള്‍ നഴ്‌സിനെ കുരുക്കി. പോലീസ് റീട്ടെയിലര്‍മാരുമായി നടത്തിയ അന്വേഷണത്തില്‍ ഉത്പന്നങ്ങള്‍ ബാന്‍ഫീല്‍ഡിന്റെ വിലാസത്തിലാണ് അയച്ചതെന്ന് വ്യക്തമാക്കി. ഇതോടെ ഓക്‌സിലറി നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്റര്‍വ്യൂവില്‍ രോഗികളുടെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കിയ കാര്യം ബാന്‍ഫീല്‍ഡ് സമ്മതിച്ചു.
തനിക്ക് പറ്റാവുന്നതിലും അടിപൊളിയായുള്ള ജീവതമാണ് നയിക്കുന്നതെന്ന് നഴ്‌സ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. 10 വര്‍ഷമായി എന്‍എച്ച്എസിന് വേണ്ടി ജോലി ചെയ്യുന്ന ബാന്‍ഫീല്‍ഡ് രോഗികളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പ്രതിഭാഗം വാദം ഉന്നയിച്ചത്. കടബാധ്യത ഉണ്ടായ സമയത്താണ് ഈ വിധം തെറ്റായി പ്രവര്‍ത്തിച്ചത്. ഇത് വളരെ മോശമായെന്ന് മനസ്സിലാക്കുന്നു, അതില്‍ ഖേദവും പ്രകടിപ്പിക്കുന്നു, വക്കീല്‍ പറഞ്ഞു.
ബാന്‍ഫീല്‍ഡിന് ഒരു വര്‍ഷം ജയില്‍ശിക്ഷ വിധിച്ച കോടതി ഇത് 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കി. നിങ്ങളുടെ ഈ പെരുമാറ്റം മര്യാദയ്ക്ക് ജോലി ചെയ്യുന്നവരെ നാണംകെടുത്തുന്നതാണെന്ന് ജഡ്ജ് കൂട്ടിച്ചേര്‍ത്തു.