കുപ്രശസ്ത ശതകോടീശ്വരനുമായുള്ള സൗഹൃദം സൂക്ഷിച്ചതില്‍ തെറ്റുപറ്റിയെന്ന് പറയാന്‍ അത് വേണ്ടായിരുന്നു എന്ന നിലപാടാണ് ആന്‍ഡ്രൂ രാജകുമാരന്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്. ഇതിന് പുറമെ പറഞ്ഞ പല വിഷയങ്ങളിലും എതിര്‍ അഭിപ്രായങ്ങളും തെളിവുകളും ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു. പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ലെന്ന് അവകാശപ്പെട്ട രാജകുമാരന്‍ ഇത്തരം പരിപാടികളില്‍ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
താന്‍ വിയര്‍ക്കാറില്ലെന്നും, സ്ത്രീകളുമായി പൊതുസമ്പര്‍ക്കം പുലര്‍ത്താറില്ലെന്നുമാണ് എമിലി മെയ്റ്റ്‌ലിസിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രൂ അവകാശപ്പെട്ടത്. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അടിമ വിര്‍ജിനിയ റോബര്‍ട്‌സുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്ന വാദങ്ങളെ തള്ളാനാണ് ഇദ്ദേഹം ഈ വാദങ്ങള്‍ മുന്നോട്ട് വെച്ചത്. ഇതിന് പുറമെ റോബര്‍ട്‌സിനെ ചേര്‍ത്തുനിര്‍ത്തിയ ചിത്രങ്ങളുടെ ആധികാരികതയിലും ആന്‍ഡ്രൂ സംശയങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ പുതുതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ വിയര്‍ത്തുകുളിച്ച രാജകുമാരന്‍ ഫ്രഞ്ച് റിവേറയിലെ നിരവധി പാര്‍ട്ടികളില്‍ കയറിയിറങ്ങുന്നതിന് തെളിവായി മാറുകയാണ്.
സുന്ദരികളായ സ്ത്രീകളെ കെട്ടിപ്പുണരാന്‍ പോലും മടിക്കാതെയാണ് ആന്‍ഡ്രൂ ഓടിനടക്കുന്നത്. ക്യാമറകള്‍ തനിക്ക് പിന്നാലെ ഉണ്ടെന്നതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല. എപ്സ്റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിയെന്ന് സമ്മതിച്ച 2008 ജൂലൈയില്‍ നിന്നുള്ളതാണ് ഒരു ദൃശ്യം. നിരവധി സോഷ്യലൈറ്റുകളായ സ്ത്രീകള്‍ക്കൊപ്പം പ്രകോപനപരമായ പോസുകള്‍ക്ക് പോലും രാജകുമാരന്‍ നിന്ന് കൊടുക്കുന്നുണ്ട്. സാറാ ഫെര്‍ഗൂസനില്‍ നിന്നും വിവാഹമോചനം നേടിയ ആന്‍ഡ്രൂ രാജകുമാരന്‍ 47, 48 വയസ്സ് കാലത്ത് പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുത്തിരുന്നതായി സെയിന്റ് ട്രോപ്പെസില്‍ നിന്നുള്ളവര്‍ വെളിപ്പെടുത്തി.
ചെറുപ്പക്കാരികളുടെ ശ്രദ്ധയില്‍ മുങ്ങിക്കുളിച്ചാണ് അക്കാലത്ത് രാജകുമാരന്റെ നടത്തമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോഷ്യല്‍ മീഡിയ അത്രയേറെ സ്വാധീനം ചെലുത്താത്ത കാലമായതിനാല്‍ പ്രമുഖര്‍ ഈ പാര്‍ട്ടികളില്‍ പങ്കെടുത്തു. എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദങ്ങളില്‍ അകപ്പെട്ടതിന് മറുപടി നല്‍കാന്‍ എത്തിയ ആന്‍ഡ്രൂ ഇപ്പോള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് ചാടിയിരിക്കുന്നത്.