
















ബോറിസ് ജോണ്‍സന്റെ ബ്രക്‌സിറ്റ് കരാര്‍ മൂന്ന് തവണ തോല്‍പ്പിച്ച് ലോര്‍ഡ്‌സ്. ഇതോടെ ബില്‍ വീണ്ടും കോമണ്‍സില്‍ മടങ്ങിയെത്തും. ബ്രക്‌സിറ്റിന് ശേഷം യുകെയില്‍ താമസിക്കുന്ന ഇയു പൗരന്‍മാരുടെ അവകാശം സംബന്ധിച്ചായിരുന്നു ആദ്യ തിരിച്ചടി. നിയമപരമായി തങ്ങുന്ന ഇയു പൗരന്‍മാര്‍ക്ക് അവരുടെ പദവി സംബന്ധിച്ച് രേഖ നല്‍കണമെന്ന ഭേദഗതിയാണ് പിയേഴ്‌സ് പാസാക്കിയത്.
229നെതിരെ 270 വോട്ടുകള്‍ക്കാണ് ഈ ഭേദഗതി പാസായത്. ഇതോടെ വിത്‌ഡ്രോവല്‍ ബില്‍ വീണ്ടും കോമണ്‍സ് ചര്‍ച്ച ചെയ്യും. എന്നാല്‍ കോമണ്‍സിലെ ശക്തമായ ഭൂരിപക്ഷം വിനിയോഗിച്ച് പ്രധാനമന്ത്രിക്ക് വെല്ലുവിളികള്‍ മറക്കാന്‍ സാധിക്കും. യുകെയില്‍ തങ്ങാന്‍ നിയമപരമായി അവകാശമുള്ള ഇയു പൗരന്‍മാരുടെ പക്കല്‍ ഇത്തരമൊരു രേഖയില്ലെങ്കില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ്, എയര്‍ലൈന്‍സ്, എംപ്ലോയര്‍, മറ്റ് അധികാരികള്‍ എന്നിവരുമായി ഇടപാട് നടത്തുമ്പോള്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് ലോര്‍ഡ് ഓര്‍ട്‌സ് മുന്നറിയിപ്പ് നല്‍കി. 
യൂറോപ്യന്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസിന്റെ ഏതെല്ലാം വിധികളില്‍ നിന്നും പിന്‍മാറണമെന്ന് തീരുമാനിക്കാനുള്ള മന്ത്രിമാരുടെ അധികാരമാണ് മറ്റൊരു ഭേദഗതി നീക്കിയത്. ഇയു നിയമങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയില്‍ എത്തുന്ന കാര്യമാണ് മൂന്നാമത്തെ ഭേദഗതി. ഇതില്‍ രണ്ടിലും സര്‍ക്കാരിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സ്വതന്ത്ര ജുഡീഷ്യറി പ്രവര്‍ത്തനങ്ങളില്‍ കൈകടത്തലാകുമെന്ന് അവകാശപ്പെട്ടാണ് ഈ ഭേദഗതി പാസാക്കിയത്.
എന്നാല്‍ ഭേദഗതികളെ തള്ളിപ്പറഞ്ഞ ബ്രക്‌സിറ്റ് മിനിസ്റ്റര്‍ ലോര്‍ഡ് കാളാനാന്‍ യുകെ നിയമങ്ങള്‍ പരിശോധിക്കാന്‍ യുകെ കോടതികള്‍ക്ക് സാധിക്കണമെന്ന് വാദിച്ചു. സീനിയര്‍ ജുഡീഷ്യറിയുമായി ചേര്‍ന്നാകും ഈ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പിയേഴ്‌സിന് ഉറപ്പുനല്‍കി.