CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 39 Minutes 55 Seconds Ago
Breaking Now

ഡെന്നീസ് കൊടുങ്കാറ്റ് കൂടുതല്‍ നാശംവിതയ്ക്കുന്നു; ഇന്ന് വീശിയടിക്കുന്നത് 70 എംപിഎച്ച് കാറ്റ്; വെള്ളപ്പൊക്കം അകമ്പടിയാകും; നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി; രണ്ട് പേര്‍ മരിച്ചു

കംബ്രിയ, ലങ്കാഷയര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക, തീരദേശ അപകടവുമായി ബന്ധപ്പെട്ട ആശങ്കകളും കൂടുതലായി ഉയരുന്നതെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി

രാജ്യത്ത് വീശിയടിച്ച ഡെന്നീസ് കൊടുങ്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു, ആയിരക്കണക്കിന് വിമാന യാത്രക്കാര്‍ കുരുക്കിലുമായി. നൂറുകണക്കിന് വിമാനങ്ങള്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് യാത്ര റദ്ദാക്കിയതിന് പുറമെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഫെബ്രുവരി ഹാഫ്-ടേം ബ്രേക്കിന് യാത്ര ചെയ്യാന്‍ എത്തിയ കുടുംബങ്ങളാണ് ബ്രിട്ടന്‍ നേരിടുന്ന ബോംബ് സൈക്ലോണില്‍ കുരുങ്ങിയത്. 

കഴിഞ്ഞ ആഴ്ച സിയാറ കൊടുങ്കാറ്റ് നാശം വിതച്ച നിരവധി പട്ടണങ്ങളില്‍ വെള്ളപ്പൊക്കത്തെ നേരിടാന്‍ സൈന്യത്തെ രംഗത്തിറക്കി. ഈ ആഴ്ചാവസാത്തെ കൊടുങ്കാറ്റ് കൂടുതല്‍ വെള്ളപ്പൊക്കം സമ്മാനിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് പേരാണ് വ്യത്യസ്ത സംഭവങ്ങളില്‍ മരണപ്പെട്ടത്. കെന്റില്‍ ഒരു 18-കാരനും, മാര്‍ഗേറ്റ് ഹാര്‍ബറിന് സമീപം മറ്റൊരാളുമാണ് മരണപ്പെട്ടത്. 234 വിമാനങ്ങളാണ് ഈസിജെറ്റ് റദ്ദാക്കിയത്. ഇതോടെ ഏകദേശം 50,000 യാത്രക്കാരുടെ പദ്ധതികളാണ് തകിടംമറിഞ്ഞത്. 

എട്ട് കാലാവസ്ഥാ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. ആംസ്റ്റര്‍ഡാം, ഗ്ലാസ്‌ഗോ എന്നീ റൂട്ടുകളിലാണ് യാത്ര ദുഷ്‌കരമായത്. കനത്ത കാറ്റ് മൂലം പല പാലങ്ങളിലും ഗതാഗതം തടഞ്ഞു. നെറ്റ്‌വര്‍ക്ക് റെയില്‍ തങ്ങളുടെ ട്രെയിനുകള്‍ക്ക് 50എംപിച്ച് വേഗപരിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചില ട്രെയിനുകളുടെ റദ്ദാക്കലിനും വഴിതെളിക്കും. യോര്‍ക്ക്ഷയര്‍ കാല്‍ഡര്‍ വാലിയില്‍ സിയാറ കൊടുങ്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങളില്‍ നിന്നും പ്രദേശത്തെ ജനങ്ങളെ മോചിപ്പിക്കാനാണ് സ്‌കോട്ട്‌ലണ്ട് റോയല്‍ റെജിമെന്റ് നാലാം ബറ്റാലിയനെ രംഗത്തിറക്കിയത്. 

കംബ്രിയ, ലങ്കാഷയര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക, തീരദേശ അപകടവുമായി ബന്ധപ്പെട്ട ആശങ്കകളും കൂടുതലായി ഉയരുന്നതെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കി. 34 വെള്ളപ്പൊക്ക മുന്നറിയിപ്പും, 246 ജാഗ്രതാ നിര്‍ദ്ദേശങ്ങളുമാണ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.