CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 16 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ 'കൊറോണാവൈറസ്' വംശീയ അതിക്രമം ചെറുത്ത ഇന്ത്യന്‍ വംശജയെ അതിക്രൂരമായി മര്‍ദ്ദിച്ചു; ഗുരുതരമായ സംഭവം ട്രെയിനി അഭിഭാഷകയുടെ 29-ാം പിറന്നാള്‍ ആഘോഷത്തിനിടെ; ഇടിയേറ്റ യുവതി ബോധംകെട്ടുവീണു?

കൊറോണയുടെ പേരില്‍ ന്യൂകാസില്‍, യോര്‍ക്ക്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഇതിനകം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

കൊറോണാവൈറസ് ചുമന്ന് നടക്കുന്നതായി ആരോപിച്ച് ചൈനീസ് സുഹൃത്തിന് നേരെ വംശീയ അതിക്രമം അഴിച്ചുവിട്ടത് തടയാന്‍ എത്തിയ ഇന്ത്യന്‍ വംശജയായ യുവതിയെ ഇടിച്ച് ബോധംകെടുത്തി. സോളിഹള്ളില്‍ നിന്നുള്ള ട്രെയിനി അഭിഭാഷക മീരാ സോളങ്കിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ബര്‍മിംഗ്ഹാമിലെ അന്നാ റോച്ചാ ബാര്‍ & ഗ്യാലറിയില്‍ 29-ാം പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിച്ചേര്‍ന്നത്. 

സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോളങ്കി ഇവിടെ എത്തിച്ചേര്‍ന്നത്. സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ലണ്ടനില്‍ നിന്നെത്തിയ 28-കാരി മാണ്ടി ഹുവാംഗും ഉണ്ടായിരുന്നു. ഇവരെയാണ് ഏതാനും ഏഷ്യക്കാരുടെ സംഘം ലക്ഷ്യംവെച്ചത്. കൂട്ടത്തില്‍ ഒരാള്‍ തുടര്‍ച്ചയായി അധിക്ഷേപിച്ചതോടെ സുഹൃത്തുക്കള്‍ ബാറില്‍ നിന്നും പുറത്തിറങ്ങിയതായി സോളങ്കി പറയുന്നു. ഫെബ്രുവരി 9 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് മൂന്ന് സ്ത്രീകളും പുറത്തിറങ്ങിയത്. 

'ചൈനീസ് വംശജര്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബര്‍ത്ത്‌ഡേ ആഘോഷിച്ചത്. അവിടെയുണ്ടായിരുന്ന ഏഷ്യക്കാരുടെ സംഘം എന്നെ അധിക്ഷേപിച്ച് തുടങ്ങി. ഒരു ഇന്ത്യക്കാരി മറ്റ് വംശജര്‍ക്കൊപ്പം ചേര്‍ന്ന് നടക്കുന്നതില്‍ എന്തോ പ്രശ്‌നമുള്ളത് പോലെയാണ് സംസാരിച്ചത്', മീര സോളങ്കി പറഞ്ഞു. പ്രശ്‌നക്കാരെ ശ്രദ്ധിക്കാതിരിക്കാന്‍ നോക്കിയെങ്കിലും ഇയാള്‍ ഒരു സുഹൃത്തിന് നേരെ തുപ്പാന്‍ നോക്കി. രാത്രി മുന്നോട്ട് പോയതോടെ മൂന്ന് പെണ്‍കുട്ടികള്‍ മാത്രം ബാക്കിയായി. ചൈനീസ് സുഹൃത്ത് മാണ്ടിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

പ്രശ്‌നക്കാരനായ ആള്‍ വീണ്ടും പിന്നാലെ കൂടി അസഭ്യം വിളിച്ചതായി മീര പറയുന്നു. ചൈനീസ് വംശജയെ കൊറോണാവൈറസുമായി നടക്കുന്നവള്‍ എന്ന തരത്തില്‍ അധിക്ഷേപിക്കാന്‍ തുടങ്ങിയതോടെ മീര ഇതിനിടയില്‍ കയറി ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാള്‍ ഇന്ത്യന്‍ വംശജയെ ഇടിച്ച് വീഴ്ത്തി ബോധംകെടുത്തിയത്. ആംബുലന്‍സില്‍ ഹാര്‍ട്ട്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ എത്തിച്ച സോളങ്കി ആറ് മണിക്കൂര്‍ ചികിത്സയിലുണ്ടായി. ഒരാഴ്ച ജോലിക്ക് പോകാനും സാധിച്ചില്ല. 

രോഗവുമായി ബന്ധപ്പെട്ട ആശങ്കകളും, അഭ്യൂഹങ്ങളുമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ബര്‍മിംഗ്ഹാമിലെ ആംഗ്ലോ-ചൈനീസ് ഗ്രൂപ്പ് പറഞ്ഞു. അക്രമിയെ കണ്ടെത്താന്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു. കൊറോണയുടെ പേരില്‍ ന്യൂകാസില്‍, യോര്‍ക്ക്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഇതിനകം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.