
















സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരും തന്നെ ഗള്‍ഫില്‍ നിന്നും വന്നവരാണ്. കാസര്‍ഗോഡ് ആറും എറണാകുളത്തും കണ്ണൂരും മൂന്നും വീതം പേരുടെ രോഗമാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 53013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52785 പേര്‍ വീടുകളിലാണ്. 228 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകള്‍ പുരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി. കോവിഡ്19 ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. മതനേതാക്കള്‍ നല്‍കിയ ഇടപെടലുകള്‍ക്ക് ഫലം ഉണ്ടാകുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ചിലരും സമൂഹത്തിലുണ്ട്. ചില ആരാധനാലയങ്ങളില്‍ ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന സംഭവങ്ങളും ഉണ്ടായി. ചിലയിടത്ത് കൂട്ട പ്രാര്‍ത്ഥനയും ഉത്സവ ആഘോഷങ്ങളും ഉണ്ടായി. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.