CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 20 Seconds Ago
Breaking Now

'എന്‍എച്ച്എസിന് നിങ്ങളെ ആവശ്യമുണ്ട്'; ഹെല്‍ത്ത് സെക്രട്ടറിയുടെ ആഹ്വാനത്തില്‍ തിരിച്ചെത്തിയത് 4000 നഴ്‌സുമാര്‍, 500 ഡോക്ടര്‍മാര്‍; 20,000 അധിക ജീവനക്കാരും, 8000 ബെഡും, 1200 വെന്റിലേറ്റുമായി സ്വകാര്യ ആശുപത്രികളും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് തയ്യാര്‍

കൊറോണാവൈറസ് രോഗികളെ പരിചരിക്കുന്നതിന് മുന്‍പ് മറ്റ് അടിയന്തര ഓപ്പറേഷനുകളും, കാന്‍സര്‍ ചികിത്സകളും നടത്താന്‍ ഇതുവഴി എന്‍എച്ച്എസിന് സാധിക്കും

കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ പങ്കുചേരാനുള്ള ആഹ്വാനം ഏറ്റെടുത്ത് എന്‍എച്ച്എസിലേക്ക് മടങ്ങിയെത്തിയത് 4000 നഴ്‌സുമാരും, 500 ഡോക്ടര്‍മാരും. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പ്രൊഫഷണലുകള്‍ എന്‍എച്ച്എസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നതിന്റെ കണക്കുകളാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തിന് ഇനിയും ആളുകളെ ആവശ്യമുണ്ടെന്ന് ഹാന്‍കോക് വ്യക്തമാക്കി. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുമ്പോള്‍ അടുത്തിടെ വിമരിച്ച മെഡിക്കുകളോട് തിരികെ വരാനാണ് ഹെല്‍ത്ത് സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നത്. 'എന്‍എച്ച്എസിന് നിങ്ങളെ ആവശ്യമുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

24 മണിക്കൂറിനിടെ യുകെയിലെ മരണസംഖ്യ കുതിച്ചുയര്‍ന്ന് 233-ല്‍ തൊട്ടിരുന്നു. ബ്രിട്ടനിലെ സ്ഥിരീകരിച്ച കേസുകള്‍ 5018 ആയും ഉയര്‍ന്നു. 'കൊറോണ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് വെള്ളിയാഴ്ച അടുത്തിടെ വിരമിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍ എന്നിവരോട് എന്‍എച്ച്എസിനെ സഹായിക്കാന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടത്. ആദ്യ 48 മണിക്കൂറില്‍ 4000 നഴ്‌സുമാരും, 500 ഡോക്ടര്‍മാരും ഒപ്പുവെച്ച് കഴിഞ്ഞത് ആവേശകരമാണ്. പക്ഷെ നമുക്ക് ഇനിയും ആളുകള്‍ വേണം. നിങ്ങളുടെ സേവനം ഏറ്റവും നന്നായി ഉപയോഗിക്കുമെന്ന് ഉറപ്പാക്കും', ഹാന്‍കോക് വീഡിയോയില്‍ വ്യക്തമാക്കി. 

രാജ്യത്തിന് മുഴുവന്‍ ഇപ്പോള്‍ എന്‍എച്ച്എസ് ആവശ്യമാണ്. നിങ്ങളൊരു വിമരിച്ച ഡോക്ടറോ, നഴ്‌സോ ആണെങ്കിലും നിങ്ങളെ എന്‍എച്ച്എസിന് ആവശ്യമുണ്ട്, ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് രാജ്യത്തെ സ്വകാര്യ ആശുപത്രികളുമായി കരാറില്‍ ഒപ്പുവെച്ചു.കൂടുതല്‍ ബെഡുകളും, വെന്റിലേറ്ററുകളും, ആയിരക്കണക്കിന് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരെയും അടുത്ത ആഴ്ച മുതല്‍ രംഗത്തിറക്കാന്‍ ഇതുവഴി സാധിക്കും. യോഗ്യതയുള്ള 20,000 ജീവനക്കാരെയാണ് എന്‍എച്ച്എസിന്റെ മഹാമാരി പ്രതിരോധ നടപടികള്‍ക്ക് അധികമായി ലഭിക്കുക. കൊറോണാ പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുന്ന ഘട്ടത്തില്‍ സുപ്രധാനമായ സഹകരണത്തിനാണ് വഴിയൊരുങ്ങിയത്. 

കൊറോണാവൈറസ് രോഗികളെ പരിചരിക്കുന്നതിന് മുന്‍പ് മറ്റ് അടിയന്തര ഓപ്പറേഷനുകളും, കാന്‍സര്‍ ചികിത്സകളും നടത്താന്‍ ഇതുവഴി എന്‍എച്ച്എസിന് സാധിക്കും. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലായി 8000 അധിക ആശുപത്രി കിടക്കകളും, 1200ഓളം വെന്റിലേറ്ററുകളും സജ്ജീകരിക്കും. ഏകദേശം 10,000 സ്വകാര്യ നഴ്‌സുമാരും, 700 ഡോക്ടര്‍മാരും, 8000 ക്ലിനിക്കല്‍ ജീവനക്കാരും സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസിന് പിന്തുണയേകും. ലണ്ടനില്‍ മാത്രം ഈ കരാര്‍ വഴി 2000 ആശുപത്രി കിടക്കകളാണ് ലഭ്യമാക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.