Breaking Now

കേരളത്തിന് ആശ്വസിക്കാം; കൊറോണയെ പേടിച്ച് യുകെയില്‍ നിന്ന് ഉള്‍പ്പെടെ മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ പദ്ധതി മാറ്റുന്നു; ലോക്ക്ഡൗണ്‍ ഇളവുകളും, ആശങ്ക ഒതുങ്ങുകയും ചെയ്തതോടെ 'വീടിനോടുള്ള' സ്‌നേഹം തല്‍ക്കാലം മാറ്റിവെച്ച് പ്രവാസികള്‍; കേരളത്തില്‍ കുടുങ്ങിയവര്‍ക്ക് രജിസ്‌ട്രേഷന്‍ പദ്ധതിയുമായി നോര്‍ക്ക റൂട്ട്‌സ്

മടങ്ങാന്‍ താല്‍പര്യമുള്ളവരെ തിരിച്ചറിഞ്ഞ് ഇന്ത്യയില്‍ എത്തുന്ന രക്ഷാവിമാനങ്ങളില്‍ കയറ്റി അയയ്ക്കാനുള്ള സാധ്യതയാണ് നോര്‍ക്ക പരിശോധിക്കുന്നത്

കേരളം കൊറോണാവൈറസില്‍ നിന്നുള്ള സുരക്ഷിത താവളമായാണ് കരുതപ്പെട്ടിരുന്നത്. വൈറസുമായി എത്തുന്നവരുടെ എണ്ണം നിയന്ത്രണവിധേയമാക്കാന്‍ ആദ്യഘട്ടം മുതല്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ രോഗം പടര്‍ന്നുപിടിച്ച വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ അധികമായി എത്തിത്തുടങ്ങിയതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നു. കൂടുതല്‍ പ്രവാസികള്‍ ക്വാറന്റൈനില്‍ എത്തിയേക്കുമെന്ന ആശങ്ക തല്‍ക്കാലം മാറ്റിവെയ്ക്കാമെന്നാണ് അധികൃതരും, വിദഗ്ധരും നല്‍കുന്ന സൂചന. 

കൊറോണാവൈറസിനെ ചുറ്റിപ്പറ്റിയുള്ള ഭയാശങ്കകള്‍ കുറയുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലും ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് നല്‍കുകയും ചെയ്തതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ പദ്ധതി മാറ്റിവെയ്ക്കുന്ന അവസ്ഥ വന്നിരിക്കുന്നത്. 4 ലക്ഷത്തോളം പേരാണ് സംസ്ഥാന സര്‍ക്കാരില്‍ മടങ്ങിവരാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

നോര്‍ക്കാ റൂട്ട്‌സ് വഴി 4.13 ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പകുതിയോളം പേര്‍ യുഎഇയില്‍ നിന്നാണ്. ജോലി നഷ്ടപ്പെട്ട് തിരികെ എത്താന്‍ ശ്രമിക്കുന്നത് ഇതില്‍ 61,009 പേര്‍ മാത്രമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 17 ശതമാനം പേര്‍ വാര്‍ഷിക വെക്കേഷന് പോയവരാണ്. 9 ശതമാനം പേരാണ് വിസ കാലാവധി തീര്‍ന്നവര്‍. മുതിര്‍ന്ന പൗരന്‍മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ 7 ശതമാനവും. മെയ് 29 വരെ വിമാനങ്ങളിലും കപ്പലുകളിലുമായി 16,474 പേരാണ് വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയത്. 

കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയും, വൈറസുമായി ജീവിക്കാന്‍ ആളുകള്‍ പഠിക്കുകയും ചെയ്യുന്നതോടെ ഭൂരിപക്ഷം പ്രവാസികളും നിലവില്‍ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുമെന്ന് കൊവിഡ്-19നില്‍ മുഖ്യമന്ത്രിയുടെ ഉപേശകനും, അന്താരാഷ്ട്ര കുടിയേറ്റത്തില്‍ വിദഗ്ധനുമായ പ്രൊഫ. എസ് ഇരുദയ രാജന്‍ പറഞ്ഞു. വിദേശത്ത് ജോലി പോയവര്‍ മറ്റ് വഴികള്‍ തേടുകയും, പുതിയ സ്ഥലങ്ങളിലേക്ക് കുടിയേറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 1 ലക്ഷം പ്രവാസികള്‍ മാത്രമാണ് പരമാവധി മടങ്ങുക. കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് പകരമാവുകയാണ് ഇവര്‍, രാജന്‍ വ്യക്തമാക്കി. 

4 ലക്ഷത്തോളം പേര്‍ മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് പരിഭ്രാന്തി മൂലമുണ്ടായ പ്രതികരണമാണെന്ന് രാജന്‍ പറഞ്ഞു. ഗര്‍ഭിണികള്‍, ജോലി നഷ്ടമായവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി മുന്‍ഗണ ക്രമത്തില്‍ പെട്ടവരാണ് ഇപ്പോള്‍ മടങ്ങുന്നത്. ഇതിനിടെ ലോക്ക്ഡൗണിന് മുന്‍പ് നാട്ടിലെത്തി മടങ്ങിയവര്‍ക്ക് വിദേശ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഒരു പുതിയ രജിസ്‌ട്രേഷന്‍ സിസ്റ്റം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നോര്‍ക്ക റൂട്ട്‌സ്. യുകെയ്ക്ക് പുറമെ യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് മടങ്ങാനാണ് ആളുകള്‍ കാത്തിരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു. 

ഇത്തരത്തില്‍ മടങ്ങാന്‍ താല്‍പര്യമുള്ളവരെ തിരിച്ചറിഞ്ഞ് ഇന്ത്യയില്‍ എത്തുന്ന രക്ഷാവിമാനങ്ങളില്‍ കയറ്റി അയയ്ക്കാനുള്ള സാധ്യതയാണ് നോര്‍ക്ക പരിശോധിക്കുന്നത്. മടങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം വിവിധ രാജ്യങ്ങളുടെ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്, കെ വരദരാജന്‍ പറയുന്നു. 
കൂടുതല്‍വാര്‍ത്തകള്‍.