CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 11 Seconds Ago
Breaking Now

കൊറോണ കേസുകള്‍ കുതിക്കുന്നു; ലെസ്റ്റര്‍ നഗരം വീണ്ടും ലോക്ക്ഡൗണിലേക്ക്; 'ലോക്കല്‍' ലോക്ക്ഡൗണിലേക്ക് പോകുന്ന ആദ്യ ബ്രിട്ടീഷ് നഗരമെന്ന് പ്രീതി പട്ടേലിന്റെ പ്രസ്താവന; അമ്പരന്ന് ലെസ്റ്റര്‍ മേയറും, കൗണ്‍സില്‍ അധികൃതരും; ജനങ്ങള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം, കൈകള്‍ കഴുകണം

മണ്ഡലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ലെസ്റ്റര്‍ ഈസ്റ്റ് എംപി ക്ലോഡിയ വെബ്ബ് ആവശ്യപ്പെടുന്നത്

ജൂണ്‍ മാസത്തില്‍ കൊറോണാവൈറസ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ബ്രിട്ടനില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ നഗരമായി മാറാന്‍ ഒരുങ്ങി ലെസ്റ്റര്‍. നഗരത്തില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഉടന്‍ എത്തിയേക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഈ പദ്ധതികള്‍ തങ്ങളെ അതിശയിപ്പിച്ചതായാണ് മേയറുടെ പ്രതികരണം. 

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് നഗരത്തില്‍ ഈ മാസത്തിലെ രണ്ടാഴ്ച കൊണ്ട് 600-ലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 340,000 പേര്‍ താമസിക്കുന്ന നഗരമാണ് ലെസ്റ്റര്‍. ജൂണ്‍ 12 വരെ കൊവിഡ്-19 ബാധിച്ച് 271 പേരാണ് ഇവിടെ മരിച്ചത്. അടുത്ത ആഴ്ചയ്ക്കുള്ളില്‍ സ്ഥിതി നിയന്ത്രണവിധേയമാകാത്ത സാഹചര്യം നേരിട്ടാല്‍ ലെസ്റ്ററില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. പബ്ബുകള്‍ വീണ്ടും തുറക്കുന്നത് ഉള്‍പ്പെടെയുള്ള അടുത്ത ആഴ്ചത്തെ ഇളവുകള്‍ നഗരത്തിന് ലഭിക്കാതെ പോകുമെന്നര്‍ത്ഥം. 

വൈറസിനെ നിയന്ത്രിക്കാന്‍ അധിക ടെസ്റ്റിംഗ് യൂണിറ്റുകളെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ലെസ്റ്ററിലേക്ക് അയച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതും, കൈകള്‍ കഴുകുന്നതും ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കാനാണ് നഗരത്തിലെ താമസക്കാര്‍ക്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. ലെസ്റ്ററില്‍ ലോക്കല്‍ ലോക്ക്ഡൗണിന് സാധ്യതയുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ബിബിസിയോട് വെളിപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ കുതിപ്പ് കാണുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. 

തന്റെ മണ്ഡലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ലെസ്റ്റര്‍ ഈസ്റ്റ് എംപി ക്ലോഡിയ വെബ്ബ് ആവശ്യപ്പെടുന്നത്. വൈറസ് നിയന്ത്രണാതീതമായതിനാല്‍ ജനങ്ങളോട് വീടുകളില്‍ തുടരാനും, സ്‌കൂളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വരെ അടച്ചിടാനും ഇവര്‍ ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ സാമൂഹിക അകല നിയമങ്ങള്‍ കണ്‍ഫ്യൂഷനാണ് സമ്മാനിക്കുന്നതെന്നാണ് ലേബറിന്റെ വിമര്‍ശനം. എന്നാല്‍ നഗരത്തില്‍ അടിയന്തരമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള പദ്ധതികളെക്കുറിച്ച് കൗണ്‍സിലിന് അറിവില്ലെന്ന് മേയര്‍ സര്‍ പീറ്റര്‍ സോള്‍സ്ബി വ്യക്തമാക്കി. 

ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വിവരം അതിശയിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെസ്റ്റര്‍ നഗരത്തെ മാത്രം ലോക്ക്ഡൗണിലാക്കിയാല്‍ ബുദ്ധിമുട്ട് നേരിടുമെന്ന് നോട്ടിംഗ്ഹാമില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ പ്രൊഫ. കീത്ത് നീല്‍ പറഞ്ഞു. അയല്‍ ഗ്രാമങ്ങളും, കൗണ്‍സില്‍ അതിര്‍ത്തികളും നഗരത്തിന് നടുവിലൂടെ കടന്നുപോകുന്നുണ്ട്. ആളുകള്‍ക്ക് തങ്ങള്‍ എവിടെയാണെന്ന് പോലും മനസ്സിലാകില്ല, നീല്‍ കൂട്ടിചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.