
















ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ ഹോം ഓഫീസ് നടപടിക്കെതിരെ നിയമപോരാട്ടം നടത്താന്‍ രാജ്യത്ത് മടങ്ങിയെത്താമെന്ന ജിഹാദി വധു ഷമീമാ ബീഗത്തിന്റെ മോഹത്തിന് തിരിച്ചടി. രാജ്യത്ത് പ്രവേശിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ച ശേഷം മാത്രമാണ് ഈ നടപടികളിലേക്ക് ഇവര്‍ക്ക് കടക്കാന്‍ സാധിക്കുക. പൗരത്വം പിന്‍വലിച്ച നടപടിയില്‍ നേരിട്ട് ഹാജരായി വാദങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇൗ വിധി അവധിക്ക് വെയ്ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ അനുമതി നേടുകയായിരുന്നു.
ഈ വര്‍ഷം തന്നെ സുപ്രീംകോടതി ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിക്കും. അതുവരെ സ്റ്റേ അനുവദിക്കാനാണ് മൂന്ന് അപ്പീല്‍ കോടതി ജഡ്ജിമാര്‍ സമ്മതിച്ചത്. ബീഗത്തിന്റെ മടങ്ങിവരവ് സുപ്രീംകോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കാനാണ് ലേഡി ജസ്റ്റിസ് കിംഗ്, ലോര്‍ഡ് ജസ്റ്റിസ് സിംഗ്, ലോര്‍ഡ് ജസ്റ്റിസ് ഫ്‌ളോക്‌സ് എന്നിവര്‍ ഉത്തരവിട്ടത്. 15-ാം വയസ്സില്‍ ബ്രിട്ടനില്‍ നിന്ന് സിറിയയിലേക്ക് മുങ്ങിയ ബീഗം ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ന്നതോടെയാണ് തിരിച്ചുവരവിന് ശ്രമിക്കുന്നത്. 
രാജ്യസുരക്ഷയ്ക്ക് ഇവര്‍ അപകടമാണെന്ന വാദമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഉയര്‍ത്തിയത്. അതുകൊണ്ട് ഇവരെ മടങ്ങിവരാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ബീഗത്തിന്റെ പ്രായമാണ് ഭീകരര്‍ക്കൊപ്പം ചേരാനുള്ള തീരുമാനത്തില്‍ എത്തിച്ചതെന്നതില്‍ അനുതാപം ഉണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സര്‍ ജെയിംസ് ഈഡി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് സിറിയയിലെ ഭീകരര്‍ക്കൊപ്പം ചേരാന്‍ ഇവര്‍ ഇറങ്ങിത്തിരിച്ചത്. സ്വയം വരുത്തിവെച്ച അവസ്ഥയില്‍ എന്ത് വിഷയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. യുകെയിലേക്ക് മടങ്ങുന്നത് രാജ്യത്തിന് ദോഷമാണെന്ന് സര്‍ക്കാര്‍ കരുതുന്നു, ഈഡി ചൂണ്ടിക്കാണിച്ചു.
മനുഷ്യാവകാശ സംഘടനകളും, ബീഗത്തിന്റെ കുടുംബവുമാണ് പൗരത്വം റദ്ദാക്കിയതിന് എതിരായ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. എന്നാല്‍ ഇതുവഴി കൂടുതല്‍ ജിഹാദികള്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ ശ്രമിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. മടങ്ങിയെത്തുന്നവര്‍ പൂര്‍ണ്ണമായി മനസ്സ് മാറി വരുന്നവരല്ലെന്നത് ഭീഷണിയാകുമെന്ന് ഭീകരവാദ വിരുദ്ധ വിദഗ്ധരും വ്യക്തമാക്കി. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ കൂടുതല്‍ പോരാട്ടത്തിന് സര്‍ക്കാര്‍ കളമൊരുക്കുന്നത്.