വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ കോഫി കുടിക്കുന്നതും, വെള്ളം കുടിക്കുന്നതുമെല്ലാം പലര്‍ക്കും പതിവ് കാര്യങ്ങളാണ്. തിരക്കുപിടിച്ച ഓട്ടത്തിന് ഇടയില്‍ ഇതിനെല്ലാം ഡ്രൈവിംഗ് സീറ്റാണ് നല്ലതെന്ന് ഇവര്‍ പറയും. എന്നാല്‍ ബ്രിട്ടനില്‍ ഈ രീതിയില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ റോഡില്‍ നിന്ന് കണ്ണെടുത്താല്‍ വലിയ പിഴയാണ് കാത്തിരിക്കുന്നത്.
നോണ്‍-ആക്കഹോളിക് ഡ്രിങ്ക് ഡ്രൈവ് ചെയ്യുമ്പോള്‍ കുടിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും ഇതുമൂലം അശ്രദ്ധമായ ഡ്രൈവിംഗ് നടത്തി പിടിക്കപ്പെട്ടാലാണ് കുഴപ്പമാകുന്നത്. പാനീയം അകത്താക്കാനും, സ്‌നാക്ക് ചെയ്യാനും ഡ്രൈവിംഗിലെ ശ്രദ്ധ തിരിയുന്നതായി പോലീസുകാര്‍ കണ്ടെത്തിയാല്‍ ഇതിന്റെ പേരില്‍ പിഴ ചുമത്താം.
100 പൗണ്ട് ഓണ്‍ സ്‌പോട്ട് ഫൈനാണ് ആദ്യ പടി, ഒപ്പം ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റും കിട്ടും. അപകടമുണ്ടാക്കി ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ പിഴ പരമാവധി 5000 പൗണ്ടിലേക്ക് നീളും, ഇതിന് ഒന്‍പത് പെനാല്‍റ്റി പോയിന്റും, കോടതി മുഖേന ഡ്രൈവിംഗ് വിലക്കും പ്രഖ്യാപിക്കാം.
എന്നാല്‍ ഓഫീസര്‍മാര്‍ പലപ്പോഴും താക്കീത് നല്‍കുകയും പിഴ ഒഴിവാക്കാറും ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭാവിയില്‍ ഈ വിധം മള്‍ട്ടി ടാസ്‌ക് ചെയ്യുമ്പോള്‍ ശ്രദ്ധ തിരിയാതെ നോക്കിയാല്‍ നമുക്ക് തന്നെ നല്ലത്.