CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 5 Seconds Ago
Breaking Now

രാജമലയില്‍ ഇന്നും തിരച്ചില്‍ തുടരും ; 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.

ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. പൊലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാകും ഇന്ന് പ്രധാനമായും പരിശോധന നടത്തുക. തൃശ്ശൂരില്‍ നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍ പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലേക്ക് അയച്ചിരുന്നു.

26 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ആകെ 78 പേര്‍ അകപ്പെട്ട അപകടത്തില്‍ വെള്ളിയാഴ്ച്ച പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തി. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ നേമക്കാട് തന്നെ സംസ്‌കരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് ടീം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനം മന്ത്രി കെ രാജു എന്നിവര്‍ ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെ സമയം രാജമലയില്‍ മരണപ്പെട്ട കുടുംബ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം തല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.