
















യുഎസും, ഇറാനും സമാധാനത്തിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ വിലക്കയറ്റത്തിന് ശമനമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് മുന്നറിയിപ്പ്. 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന തോതില്‍ തുടരുമെന്ന പ്രവചനങ്ങള്‍ ബ്രിട്ടനിലെ കുടുംബ ബജറ്റുകള്‍ക്ക് തിരിച്ചടിയാണ്.
ഈ വര്‍ഷം കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ ചെലവുകള്‍ക്കായി 203 പൗണ്ട് അധികം കണ്ടെത്തേണ്ടി വരുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രോസെറി ഡിസ്ട്രിബ്യൂഷന്റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം 207 പൗണ്ടും അധികം നല്‍കണം. വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ ഭക്ഷ്യ വിലക്കയറ്റം 5.5 ശതമാനത്തിലെത്തിയെന്നാണ് ഐജിഡി കണക്കാക്കുന്നത്.
അതേസമയം ഭക്ഷ്യ വിലക്കയറ്റത്തിന്റെ ആഘാതം ബിസിനസ്സുകളെയും, ഷോപ്പിംഗ് ചെയ്യുന്നവരെയും കൂടുതല്‍ കാലം 'ഷോക്കടിപ്പിക്കുമെന്ന്' ഐജിഡി പറയുന്നു. യുഎസ്, ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്.
ആഗോള സാഹചര്യത്തിന് പുറമെ എനര്‍ജി, സപ്ലൈ ചെയിനുകള്‍ സമ്മര്‍ദത്തിലായതും, പണപ്പെരുപ്പവും ചേര്‍ന്നാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്. അടുത്ത വര്‍ഷം ഭക്ഷ്യവിലക്കയറ്റം 3.2 ശതമാനത്തിനും, 4.2 ശതമാനത്തിനും ഇടയില്‍ നില്‍ക്കുമെന്നാണ് പ്രവചനം. സാധനങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് ഇത് മോശം വാര്‍ത്തയാണ്. 2021 മുതല്‍ വിലക്കയറ്റം ആവര്‍ത്തിക്കുന്നതാണ് ഈ തിരിച്ചടി സമ്മാനിക്കുന്നത്.