CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 6 Seconds Ago
Breaking Now

എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആചരിച്ചു

എയ്ല്‍സ്‌ഫോര്‍ഡ്: ഉത്തരീയമാതാവിന്റെ അനുഗ്രഹാരാമത്തില്‍ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെപിയോ മിഷനിലെ ഇടവകസമൂഹം സെപ്റ്റംബര്‍ 6 ഞായറഴ്ചയാണ് പ്രധാന തിരുന്നാള്‍ ആയി ആചരിച്ചത്. ഉത്തരീയനാഥയുടെ അനുഗ്രഹം തേടി നിരവധി വിശ്വാസികളാണ് തിരുനാളില്‍ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വര്‍ഗ്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയില്‍ സജ്ജമാക്കിയ ബലിപീഠത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. 

ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ടോമി എടാട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നൊവേനയും നടന്നു. പ്രതിസന്ധികളിലും പ്രയാസങ്ങളിലും നമ്മുടെ പൂര്‍വികര്‍ സംരക്ഷണകവചമായി കണ്ട് ധരിച്ചു പോന്ന പരിശുദ്ധ അമ്മയുടെ ഉത്തരീയത്തിന്റെ സംരക്ഷണം ഈ മഹാമാരിയുടെ കാലഘട്ടത്തിലും നമുക്ക് ആശ്വാസമേകട്ടെയെന്ന് ഫാ. ടോമി എടാട്ട് തന്റെ സന്ദേശത്തില്‍ പറഞ്ഞു. 

തുടര്‍ന്ന് ഫാ. ടോമി എടാട്ടിന്റെ കാര്‍മികത്വത്തില്‍ ഈ വര്‍ഷം അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും എഴുത്തിനിരുത്തും നടന്നു. പരിശുദ്ധ അമ്മക്ക് അറിവ് പകര്‍ന്നു കൊടുത്ത വിശുദ്ധ അന്നാമ്മയുടെ ചാപ്പലില്‍ ആണ് വിദ്യാരംഭത്തിന്റെ കര്‍മ്മങ്ങള്‍ നടന്നത്. 

എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ എല്ലാ മാസവും ഒന്നും രണ്ടും ഞായറാഴ്ചകളില്‍ ഉച്ചക്ക് 12 മണിക്ക് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വച്ച് മലയാളത്തില്‍ വിശുദ്ധകുര്‍ബാന നടത്തപ്പെടുന്നു. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോക്കു മുന്‍പിലുള്ള ചത്വരത്തിലാണ് വിശുദ്ധ കുര്‍ബാന നടക്കുക. അതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് ഒരേ സമയം വിശുദ്ധ കുര്‍ബാനയില്‍ പങ്കു ചേരുവാന്‍ അവസരം ഒരുങ്ങുന്നു. പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി പള്ളികമ്മറ്റി അറിയിച്ചു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.