Breaking Now

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ ?

 രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അതുകൊണ്ടുതന്നെ രോഗമുണ്ടെന്ന് മനസ്സിലാക്കുവാന്‍ വളരെ പെട്ടെന്ന് കഴിഞ്ഞുവെന്ന് വരില്ല. സൂക്ഷിച്ചില്ലെങ്കില്‍ നിശബ്ദമായി മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗമാണിത്. തലചുറ്റല്‍, തലവേദന,ഉറക്കമില്ലായ്മ,ബുര്‍ബലത,ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും  ചിലരില്‍ ക്രമേണ കണ്ടുവരുന്നു. 

ശരിയായ ചികിത്സ ചെയ്യാതിരുന്നാല്‍ പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്കരോഗം,കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയുണ്ടാകുന്നു. സാധാരണ രക്തസമ്മര്‍ദ്ദത്തെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഒരാള്‍ക്ക് അഞ്ച് പ്രാവശ്യം പക്ഷാഘാതവും, രണ്ടുപ്രാവശ്യം ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

 

 രക്തസമ്മര്‍ദ്ദം വിഭിന്ന വ്യക്തികളിലും, ഒരു വ്യക്തിയില്‍ തന്നെ പല സമയത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. മാനസികമായി പിരിമുറുക്കം ഉണ്ടാകുമ്പോഴും, തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും, ഉറക്കമൊഴിയുന്ന അവസരത്തിലും ബി.പി വര്‍ദ്ധിച്ച് കാണുന്നു. ഉറങ്ങുന്ന സമയത്ത് താരതമ്യേന ബി.പി കുറവായിരിക്കും

 

 നോര്‍മല്‍ ബ്ലഡ് പ്രഷര്‍ ലെവല്‍ സിസ്റ്റോളിക് 120, ഡയസ്റ്റോളിക് 80 എന്നിങ്ങനെ ആണ്. പൊതുവേ പറഞ്ഞാല്‍ ബിപി കുറഞ്ഞിരിക്കുന്നതാണ് നല്ലത്. കുറഞ്ഞ ബി.പി ഉള്ളവര്‍ കൂടുതല്‍ ബി.പി ഉള്ളവരേക്കാള്‍ അധികനാള്‍ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി120 /80 ഉള്ളവരെ അപേക്ഷിച്ച് 100/60 ഉള്ളവര്‍ അധികനാള്‍ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി കൂടുന്നതിനനുസരിച്ച് പക്ഷാഘാതത്തിനും ഹാര്‍ട്ട് അറ്റാക്കിനും ഉള്ള സാധ്യത വര്‍ധിക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം.

 പ്രായമേറിയവരില്‍ നോര്‍മല്‍ ബിപി 140 /90 ആയിരിക്കും. 140 മുതല്‍ 160 വരെയുള്ള സിസ്റ്റോളിക് പ്രഷറും 90 മുതല്‍ 95 വരെയുള്ള ഡയസ്റ്റോളിക് പ്രഷറും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ബോര്‍ഡര്‍ലൈന്‍ ആയി കണക്കാക്കാം. സിസ്റ്റൊളിക് പ്രഷര്‍ 160 നും ഡയസ്റ്റൊളിക് പ്രഷര്‍ 95 നും മുകളിലാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടെന്ന് മനസ്സിലാക്കുകയും മരുന്നുകള്‍ കഴിക്കുകയും വേണം.

 

 ചെറിയൊരു   മനോവികാരം പോലും കുറച്ചുസമയത്തേക്ക് സിസ്റ്റോളിക് പ്രഷറിനെ  വര്‍ദ്ധിപ്പിച്ചു എന്നു വരാം.എന്നാല്‍ വളരെ പെട്ടെന്നൊന്നും ഡയസ്റ്റൊളിക് പ്രഷറിന് വ്യത്യാസം സംഭവിക്കുന്നില്ല. അതുകൊണ്ട് ഉയര്‍ന്ന സിസ്റ്റോളിക് പ്രഷറിനെ അപേക്ഷിച്ച് ഉയര്‍ന്ന ഡയസ്റ്റൊളിക് പ്രഷറിന് കൂടുതല്‍ പരിഗണന നല്‍കണം.

 

 *എങ്ങനെയൊക്കെ നിയന്ത്രിക്കാം* 

 

 *സ്ഥൗല്യം അഥവാ വണ്ണ ക്കൂടുതല്‍* 

ഈ ഒരു കാരണം മാത്രം മതിയാകും ബിപി വര്‍ദ്ധിക്കുവാന്‍. അതിനാല്‍ പൊണ്ണത്തടിയന്മാര്‍ വളരെവേഗം തടി കുറയ്ക്കുക. അതിനുള്ള ശരിയായ മാര്‍ഗ്ഗം കൂടുതല്‍ വ്യായാമം ചെയ്യുകയും കുറച്ചു ഭക്ഷണം കഴിക്കുകയും ആണ്. ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കില്‍ 

1) പ്രധാന ആഹാര സമയങ്ങള്‍ക്കിടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കുക.

2)  കുക്കിംഗ് ഓയില്‍, പഞ്ചസാര അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്‌സ്, ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ ഇവ ഒഴിവാക്കുക.

3) പഞ്ചസാര ചേര്‍ക്കാത്ത ധാന്യങ്ങള്‍ കഴിക്കുക

 

4)ഉണങ്ങിയവയെക്കാള്‍ വേകിച്ച ഭക്ഷണം ഉപയോഗിക്കുക 

 

5) മദ്യം കഴിക്കരുത്

 

6)  ഇറച്ചി, പാല്‍,മുട്ട,ബട്ടര്‍ ഇവ കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടാനിടയുള്ള അമിത കൊഴുപ്പിനെ അകറ്റുവാന്‍ കഴിയും.

 

 

 

7)ഒരുദിവസത്തെ ഏറ്റവും പ്രധാന ആഹാരമായ പ്രഭാത ഭക്ഷണത്തെ ഒഴിവാക്കാതിരിക്കുക. പകരം അത്താഴത്തിന്റെ അളവ് കുറയ്ക്കാം.

 

 

 

8) ജലത്തിന്റേയും നാരിന്റേയും അളവ് കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക.

 

പയറുവര്‍ഗങ്ങള്‍, ക്യാരറ്റ്, ബീന്‍സ് മുതലായവ

 9)ഇവയിലെല്ലാം നിങ്ങള്‍ പരാജിതനാണെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുക.

 പ്രമേഹരോഗം കൂടെയുള്ളവര്‍ ഒരു ഡോക്ടറുടെ  മേല്‍നോട്ടത്തില്‍ മാത്രമേ  ഉപവസിക്കാന്‍ പാടുള്ളൂ.

*വ്യായാമം*

 ബിപി കുറയ്ക്കുവാന്‍ വ്യായാമം വളരെ സഹായകമാണ്. തെരഞ്ഞെടുക്കുന്ന വ്യായാമം അതിന് അനുകൂലമായിരിക്കണമെന്ന് മാത്രം. കാരണം എല്ലാത്തരം വ്യായാമവും ബിപി കുറയ്ക്കുവാന്‍  കഴിവുള്ളവയല്ല. നടക്കുകയാണ് ഏറ്റവും നല്ല വ്യായാമം. ആദ്യം 20 മുതല്‍ 30 മിനിറ്റ് വരെയും ക്രമേണ ഈ സമയത്തിനുള്ളില്‍തന്നെ വേഗതകൂട്ടി പിന്നിടുന്ന അകലം വര്‍ധിപ്പിക്കുകയും വേണ

 *സ്‌ട്രെസ്സും ടെന്‍ഷനും*

 

 ഇവ രണ്ടും ബിപി വര്‍ദ്ധിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള പല തരത്തിലുള്ള ശബ്ദം സ്‌ട്രെസ്സും ടെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നു. ടിവിയിലും മറ്റും കാണുന്ന പല പരിപാടികളും ബി.പി വര്‍ദ്ധിപ്പിക്കാനിടയുണ്ട്. ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്ത പരിപാടികള്‍ ആസ്വദിക്കുന്നതിനു മാത്രമായി ടി വി യും റേഡിയോയും ഉപയോഗിക്കുക.എപ്പോഴും എന്തെങ്കിലും (പലപ്പോഴും വേഗത്തില്‍) ചെയ്തുകൊണ്ടിരിക്കാതെ കുറച്ചുസമയം റിലാക്‌സ് ചെയ്യുവാന്‍ സമയം കണ്ടെത്തണം.ശവാസനം പോലുള്ള യോഗാസനങ്ങള്‍ ശീലിക്കുന്നത് കൊള്ളാം. ക്ഷമയോടെ പ്രശ്‌നങ്ങളെ നേരിട്ടാല്‍ ടെന്‍ഷന്‍ കുറയുകയും അതിലൂടെ ബിപി കുറയ്ക്കുകയും ചെയ്യാം.

 *ഉപ്പ്

ബിപി കുറക്കുവാന്‍ വേണ്ടി ഉപേക്ഷിക്കേണ്ട അത്യാവശ്യ ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോഡിയം. ശരീരത്തിന് അധികമായും സോഡിയം ലഭിക്കുന്നത് ഉപ്പില്‍ നിന്നാണ്. ഒരു അമേരിക്കന്‍ ഒരുദിവസം ശരാശരി മൂന്ന് ടീസ്പൂണിലധികം ഉപ്പ്  ഉപയോഗിക്കുന്നു. ജപ്പാന്‍കാരന്‍ ആകട്ടെ 7 ടീസ്പൂണിലധികവും. എന്നാല്‍ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമായ ഉപ്പിന്റെ അളവ് ഒരു ടീസ്പൂണിന്റെ 1/8 ഭാഗം മാത്രമാണ്. ആവശ്യമായതിലും എത്രയോ അധികമാണ് യാതൊരു ബോധവുമില്ലാതെ നമ്മള്‍ ഉപയോഗിക്കുന്നത് എന്ന് ആലോചിച്ചു നോക്കുക. ഉപ്പ് കുറയ്ക്കണമെങ്കില്‍ ബേക്കറി സാധനങ്ങളും അച്ചാറും പൂര്‍ണമായും ഒഴിവാക്കേണ്ടി വരും.

 *ഡയറ്റ്* 

സസ്യഭോജികളില്‍ രക്താതിമര്‍ദ്ദം ഉള്ളവര്‍ കുറവാണെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ബിപി കുറക്കുവാന്‍ ആഹാരത്തില്‍ നിന്നും മാംസ വര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ചും ബീഫ് കുറയ്ക്കുകയോ കഴിയുമെങ്കില്‍ ഉപേക്ഷിക്കുകയോ ആണ് വേണ്ടത് .സസ്യഭുക്ക് ആയിട്ടുള്ള ഒരാളിന് രക്താതിമര്‍ദ്ദവും ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും തരണം ചെയ്യുവാന്‍ കഴിയും.

*പുകവലി*

 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള നിങ്ങളൊരു പുകവലിക്കാരന്‍ കൂടിയാണെങ്കില്‍ നിശ്ചയളായും ഈ ദുശ്ശീലം ഉപേക്ഷിക്കാതെ നിവൃത്തിയില്ല.

*ഈസ്‌ട്രൊജന്‍* സാധാരണയായി ഗര്‍ഭനിരോധന ഗുളികകളിലും മറ്റും ഇത് ഉപയോഗിച്ചുവരുന്നു. ചില സ്ത്രീകളില്‍ ബി.പി വര്‍ദ്ധിക്കുവാന്‍ ഇത് കാരണമാകുന്നു.ഇത്തരം ഗുളികകള്‍ കഴിച്ച ശേഷമാണ് ബിപി കൂടുതലായി കാണുന്നതെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

*ടൈറാമിന്‍*

പാല്‍ക്കട്ടി(ചീസ്)യിലാണ് സാധാരണയായി ടൈറാമിന്‍ കാണുന്നത്.അതിനാല്‍ ഇത് ഉപയോഗിക്കുന്നവരില്‍ ബി.പി വര്‍ദ്ധിച്ചു കാണുന്നു.

 *ചുരുക്കത്തില്‍* 1)നിങ്ങളുടെ ബി.പി തുടര്‍ച്ചയായി പരിശോധിക്കുക. കൂടുതലാണെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സൂക്ഷ്മതയോടെ അനുസരിക്കുക.

2) പതിവായി വ്യായാമം ചെയ്യുക.

3)പുകവലി,കോഫി,ചായ, മദ്യം ഇവ ഉപയോഗിക്കുന്ന ദുശീലങ്ങള്‍ മാറ്റി പകരം ആരോഗ്യകരമായ നല്ലതിനെ പുനസ്ഥാപിക്കുക.

 

4) നിങ്ങളുടെ ഭാരം കുറച്ച് നോര്‍മല്‍ ആക്കുക.

 

5)സ്‌ട്രെസ്സ് ,ടെന്‍ഷന്‍ ഇവയെ നിങ്ങളുടെ കൈക്കുള്ളില്‍ പിടിച്ചു നിര്‍ത്തുക.

6)ഉപ്പ്, പഞ്ചസാര ,കൊഴുപ്പ് ഇവ അടങ്ങിയിട്ടില്ലാത്ത ആഹാരം കഴിക്കുക 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ പലരിലും ക്രമേണ കൂടുതലായ ക്ഷീണം, അമിതമായ ചിന്ത, പാദത്തില്‍ നീര് വരിക, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക മുതലായ അവസ്ഥകളില്‍ കൊണ്ടെത്തിക്കുന്നു. എന്നാല്‍ ആയുര്‍വേദ ഔഷധം ഉപയോഗിച്ചുള്ള ചികിത്സയില്‍ ഇവയൊക്കെ ഒഴിവാക്കുവാന്‍ കഴിയുന്നുണ്ട്. വെളുത്തുള്ളി,  ചിറ്റരത്ത, സര്‍പ്പഗന്ധ, ഞെരിഞ്ഞില്‍, കുറുന്തോട്ടിവേര്, മൂവില എന്നിവയുടെ വിവിധ പ്രയോഗങ്ങള്‍ രക്താതിമര്‍ദ്ദത്തെ കുറയ്ക്കുന്നതാണ്.

 കൃത്യമായ ഔഷധങ്ങള്‍  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം  ഉപയോഗിച്ചാല്‍ ഈ രോഗം കാരണമുണ്ടായേക്കാവുന്ന ദുരവസ്ഥകളിള്‍ നിന്നും രക്ഷ നേടാന്‍ കഴിയും എന്നതിന് സംശയമില്ല.

ഡോ. ഷര്‍മദ് ഖാന്‍

 

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

 

ആയുര്‍വേദ ഡിസ്‌പെന്‌സറി

 

 ചേരമാന്‍ തുരുത്ത്

 

തിരുവനന്തപുരം .

 

Tel Tel9447963481

 

 

 
കൂടുതല്‍വാര്‍ത്തകള്‍.