CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 46 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍! ക്രിസ്മസിന് മുന്‍പ് കൂട്ട വാക്‌സിനേഷനുള്ള പദ്ധതി ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍; ഇയു നിയമങ്ങള്‍ മറികടക്കാന്‍ പുതിയ നിയമങ്ങള്‍ പുറത്തിറക്കി മന്ത്രിമാര്‍; ബ്രിട്ടന്‍ തയ്യാര്‍

28 ദിവസത്തെ വ്യത്യാസത്തില്‍ രണ്ട് ഡോസുകളായാണ് വാക്‌സിന്‍ നല്‍കാന്‍ കഴിയുകയെന്ന് ബേണ്‍ലി

ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൊറോണാവൈറസ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൂട്ട വാക്‌സിനേഷന്‍ നല്‍കാനുള്ള സമയം കുറിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുന്നുവെന്നാണ് പദ്ധതികള്‍ കണ്ട ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്മസിന് മുന്‍പ് തന്നെ ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാം നടപ്പാക്കാനാണ് ഹെല്‍ത്ത് സര്‍വ്വീസ് ഒരുങ്ങുന്നതെന്ന് എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. 

ഡിസംബര്‍ 31ന് പോസ്റ്റ് ബ്രക്‌സിറ്റ് ട്രാന്‍സിഷന്‍ പിരീഡ് അവസാനിക്കുന്നതിന് മുന്‍പായി സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ തയ്യാറായാല്‍ ഇതിന് ഇയു അംഗീകാരത്തിനായി കാത്തുനില്‍ക്കാതെ യുകെയില്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കായി പുതിയ നിയമങ്ങളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് മുതല്‍ രാജ്യത്തെ പിടിച്ചുകെട്ടാന്‍ പ്രഖ്യാപിച്ച സാമൂഹിക വിലക്കുകളില്‍ നിന്നും മോചനം നല്‍കാന്‍ ഈ വാക്‌സിന്‍ ബോറിസ് ജോണ്‍സന് അവസരം നല്‍കുമെന്നാണ് പ്രതീക്ഷ. 

'നമ്മുടെ ട്രസ്റ്റിന് പുറമെ ദേശീയ തലത്തില്‍ മറ്റ് എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളോട് ഡിസംബര്‍ ആദ്യം തന്നെ കൊവിഡ്-19 വാക്‌സിന്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ ഒരുങ്ങിയിരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ കൊറോണാവൈറസ് വാക്‌സിന്‍ എത്തുകയും, മുന്‍ഗണനാ ക്രമത്തില്‍ ക്രിസ്മസിന് മുന്‍പ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് ഇന്റലിജന്‍സ് വിവരം', വാര്‍വിക്ക്ഷയര്‍ ജോര്‍ജ്ജ് എലിയറ്റ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഗ്ലെന്‍ ബര്‍ലി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കി. 

28 ദിവസത്തെ വ്യത്യാസത്തില്‍ രണ്ട് ഡോസുകളായാണ് വാക്‌സിന്‍ നല്‍കാന്‍ കഴിയുകയെന്ന് ബേണ്‍ലി കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാനത്തോടെ ഫ് ളൂ ഷോട്ട് എടുത്ത് കൊവിഡ്-19 കുത്തിവെയ്പ്പിന് യോഗ്യത നേടാനാണ് സഹജീവനക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്കുള്ള അധികാരം മാറ്റി ബ്രിട്ടീഷ് വാച്ച്‌ഡോഗുകളെ ഫാസ്റ്റ് ട്രാക്ക് ചെയ്യാന്‍ അധികാരപ്പെടുത്താനാണ് മാറ്റ് ഹാന്‍കോക് ഒരുങ്ങുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ആസ്ട്രാസെനെക വാക്‌സിന്‍ ആഗോള തലത്തില്‍ ട്രയല്‍സ് നടത്തിവരികയാണ്. മികച്ച പ്രതിരോധ പ്രതികരണവും, സൈഡ് ഇഫക്ടും ഇല്ലെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. 100 മില്ല്യണ്‍ ഡോസുകളാണ് സര്‍ക്കാര്‍ ഇതിനകം വാങ്ങിയിട്ടുള്ളത്. എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ സ്റ്റാഫ്, കെയര്‍ ഹോം വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് ആദ്യം വാക്‌സിന്‍ ലഭ്യമാക്കിയ ശേഷം 80ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. 




കൂടുതല്‍വാര്‍ത്തകള്‍.