CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 51 Seconds Ago
Breaking Now

നേത്രരോഗങ്ങള്‍ക്ക് ആയുര്‍വേദം

എല്ലാ നേത്രരോഗങ്ങളും കാഴ്ചയെ ബാധിക്കുന്നതാണെന്ന് കരുതരുത്. കാഴ്ച സാധ്യമാക്കുന്ന അവയവമായ കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. അതിനാല്‍ എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണുകളെ പ്രധാനമായി സംരക്ഷിക്കണം. 

കാഴ്ചയെ ബാധിയ്ക്കുന്ന തല്ലാത്ത നേത്രരോഗങ്ങളും 'കണ്ണായതു'കൊണ്ടുതന്നെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.

 കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാത്രമാണ് കാഴ്ചയെ ബാധിയ്ക്കുന്നതെന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. പ്രമേഹം പില്‍ക്കാലത്ത്  റെറ്റിനോപ്പതിക്കും,വാത സംബന്ധമായ രോഗങ്ങള്‍ എപ്പിസ്‌ക്‌ളീറൈറ്റിസ്,സ്‌ക്‌ളീറൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നു.

കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചനഷ്ടം ഉണ്ടാക്കുന്നത്  വര്‍ദ്ധിച്ചുവരുന്ന ഹ്രസ്വദൃഷ്ടി അഥവാ പ്രോഗ്രസീവ് മയോപ്പിയ ആണെങ്കില്‍, മുതിര്‍ന്നവരില്‍ കാറ്ററാക്ട് അഥവാ തിമിരം, കണ്ണിന്റെ പ്രഷര്‍ കൂട്ടുന്ന ഗ്ലക്കോമ തുടങ്ങിയ രോഗങ്ങളാണ്. കുട്ടിക്കാലം മുതല്‍ വര്‍ദ്ധിച്ച് ക്രമേണ കാഴ്ച തീരെ കിട്ടാത്ത അവസ്ഥയില്‍ എത്തുന്ന റെറ്റിനൈറ്റിസ് പിഗ് മെന്റോസ പോലെയുള്ള പാരമ്പര്യ രോഗങ്ങളും ഉണ്ട്.

തിമിരം ഉണ്ടാകുവാന്‍ നിരവധി കാരണങ്ങളുണ്ട്. പ്രകാശരശ്മികളെ കണ്ണിനുള്ളിലേക്ക് കടത്തി വിടാന്‍ പറ്റാത്ത രീതിയില്‍ കണ്ണിലെ ലെന്‍സ് അതാര്യമാകുന്ന തിമിര രോഗത്തില്‍  ലെന്‍സ് പൂര്‍ണമായി നീക്കം ചെയ്തും, കൃത്രിമമായി പകരം വെച്ചും പരിഹരിക്കാവുന്നതാണ്.

തിമിരമുള്ള ഒരാളുടെ കണ്ണിനുള്ളില്‍ സംഭവിക്കുന്ന രോഗാവസ്ഥകള്‍ ശരിയായി മനസ്സിലാക്കുന്നതിന് സാധിക്കില്ല. തിമിരമുള്ള ഒരാളില്‍ കണ്ണിലെ ഞരമ്പുകള്‍ക്കും രോഗം ഉണ്ടെങ്കിലും തിമിരം കാരണം അത് മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍, തിമിരം മാത്രമാണ് കാഴ്ച തടസ്സത്തിന് കാരണമെന്ന് ആദ്യം തോന്നിയേക്കാം. അങ്ങനെയുള്ളവരില്‍ തിമിരം പരിഹരിച്ചശേഷം മാത്രമേ ഞരമ്പിനുള്ളിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുകയുള്ളൂ.

ചികിത്സയുടെ കാര്യമെടുത്താല്‍ കണ്ണില്‍ മരുന്ന് ഇറ്റിക്കല്‍ തുടങ്ങി ശസ്ത്രക്രിയ വരെ വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്.തുള്ളി മരുന്ന് ഇറ്റിക്കല്‍,ധാരയായി മരുന്ന് ഒഴിക്കല്‍, ബാന്റേജ് അഥവാ വെച്ചുകെട്ടല്‍, അട്ടയെ ഉപയോഗിച്ചുള്ള രക്തനിര്‍ഹരണ മാര്‍ഗ്ഗങ്ങള്‍,  നസ്യം , തര്‍പ്പണം ,പുടപാകം, ക്ഷാരം ഉപയോഗിച്ചും അഗ്‌നി ഉപയോഗിച്ചും പൊള്ളിച്ചു കളയുന്ന ചികിത്സകള്‍, ഉരച്ചു കളയല്‍ തുടങ്ങി മരുന്ന് കഴിച്ചു വയറിളക്കുന്നത് പോലും നേത്ര ചികിത്സയില്‍ ഉപകാരപ്പെടുന്നവയാണ്.വളരെ ഫലപ്രദമായതും സങ്കീര്‍ണമായ രോഗങ്ങളില്‍ പോലും കൃത്യമായ ഫലം നല്‍കുന്നതുമായ ചികിത്സാ ക്രമങ്ങളാണ് ഇവ. 

ഒരാളിന്റെ കാഴ്ചയെ ബാധിച്ചശേഷം പ്രമേഹം നിയന്ത്രണ വിധേയമാക്കി എന്നുകരുതി നഷ്ടപ്പെട്ട കാഴ്ച പ്രമേഹരോഗിക്ക് തിരികെ കിട്ടണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണിനെയും പ്രമേഹത്തെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് മാത്രമേ തുടര്‍ചികിത്സ സാധ്യമാകു.

 

നേത്രത്തെ ബാധിച്ചുണ്ടാകുന്ന രോഗങ്ങളില്‍ മറ്റൊരാളിലേക്ക് പകരുന്നവയും പകരാത്തവയും ഉണ്ട്. ഉദാഹരണത്തിന് ചെങ്കണ്ണ് പകരുന്നതും തിമിരം പകരാത്തതുമാണ്. 

എല്ലാ നേത്രരോഗങ്ങളും കണ്ണട വെച്ച് പരിഹരിക്കാന്‍ ആകുമോ എന്ന് രോഗികള്‍ അന്വേഷിക്കാറുണ്ട്.  എന്നാല്‍  കാഴ്ചവൈകല്യം ഉണ്ടാക്കുന്ന ചില രോഗങ്ങളില്‍ മാത്രമേ കണ്ണട വയ്ക്കുക എന്നത് ഒരു പരിഹാരമാര്‍ഗ്ഗം ആകുന്നുള്ളൂ. മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി, അസ്റ്റിക്മാറ്റിസം, ദീര്‍ഘദൃഷ്ടി അഥവാ പ്രസ് ബയോപ്പിയ എന്നിവ പരിഹരിക്കുന്നതിനും ചില അലര്‍ജി രോഗമുള്ളവരില്‍ പൊടിയും പുകയും ഏല്‍ക്കുന്നത് തടയുംവിധം വലിയ കണ്ണടകള്‍ ധരിക്കുന്നതുമെല്ലാം ഉപകാരപ്പെടുന്നവയാണ്. എന്നാല്‍ കണ്ണട നിര്‍ദ്ദേശിക്കുന്നതിനുമുമ്പ് പ്രമേഹം,സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടോ എന്ന് വിലയിരുത്തണം. ഉണ്ടെങ്കില്‍ അവയെ കൂടി നിയന്ത്രണവിധേയമാക്കി മാത്രമേ കണ്ണട നിശ്ചയിക്കുവാന്‍ പാടുള്ളൂ.

അത്ര ഗുരുതരമല്ലാത്ത ഒരു രോഗത്തിന് ചെയ്യുന്ന ചികിത്സ കൂടുതല്‍ ഗുരുതരമായ മറ്റു ചില രോഗങ്ങളെ ഉണ്ടാക്കുന്നുണ്ട്.  ഉദാഹരണത്തിന് ഡ്രൈ ഐ അഥവാ നേത്ര വരള്‍ച്ച, റെഡ് ഐ അഥവാ ചെങ്കണ്ണ്, കണ്‍പോളകളിലെ അലര്‍ജി കൊണ്ടുള്ള ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങളില്‍ ഉപയോഗിക്കുന്ന ചില സ്റ്റിറോയ്ഡ് തുള്ളിമരുന്നുകള്‍ കണ്ണിനുള്ളിലെ പ്രഷര്‍ അതായത് ഇന്‍ട്രാ ഓകുലാര്‍ പ്രഷര്‍ വര്‍ദ്ധിപ്പിച്ച്  ഗ്ലക്കോമ എന്ന രോഗത്തെ ഉണ്ടാക്കാം.കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നതിന് ഗ്ലക്കോമ കാരണമാകാറുണ്ട്.

കാലാവസ്ഥാ രോഗങ്ങളില്‍ ഏറ്റവും പ്രധാനവും വളരെ വേഗം പകരുന്നതുമാണല്ലോ ചെങ്കണ്ണ്.ഒരു ലബോറട്ടറി പരിശോധനകളും ആവശ്യമില്ലാത്തതും, വിശ്രമവും മരുന്നും ചില പത്ഥ്യാഹാരവും കൊണ്ട് പൂര്‍ണമായും മാറുന്നതാണ് ചെങ്കണ്ണ്. ചിലര്‍ പറയുന്നതു പോലെ കണ്ണിലേക്കു നോക്കിയാല്‍ പകരുന്ന രോഗമല്ല. എന്നാല്‍ അത്രമാത്രം വേഗത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന രോഗമാണിത്.ചെങ്കണ്ണ് പിടിപെട്ടവര്‍ അവര്‍ ഉപയോഗിക്കുന്നതോ തൊടുന്നതോ ആയ വസ്തുക്കള്‍ മറ്റൊരാള്‍ കൈകാര്യം ചെയ്യുവാന്‍ ഇടവരാതെ ശ്രദ്ധിക്കണം എന്നതാണ് ഏറ്റവും പ്രധാനം.

അഞ്ജനമെഴുതുക എന്നത് രോഗാവസ്ഥയില്‍ കണ്ണിന്റെ സ്വാഭാവികസ്ഥിതി, സ്വാഭാവികനിറം എന്നിവ നിലനിര്‍ത്താനായി ആരോഗ്യമുള്ളവരും ചെയ്യണമെന്ന് വിധിച്ചിട്ടുണ്ട്. അഞ്ജനം എല്ലാ ദിവസവും ഉപയോഗിക്കണം. അങ്ങനെ ഉപയോഗിക്കുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഉപയോഗിക്കുവാനായി പ്രത്യേക അഞ്ജനം വേറെയുമുണ്ട്. എന്നാല്‍ ഈ പറയുന്നതൊന്നുമല്ല ഇന്ന് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നത്. അതുകൊണ്ട് കണ്മഷി കണ്ണിന് നല്ലതാണെന്ന് ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കരുതി കിട്ടുന്നതെന്തും വാങ്ങി കണ്ണില്‍ പുരട്ടി ഫലം പ്രതീക്ഷിച്ചിരിക്കരുത്. ആയുര്‍വേദ ഫാര്‍മസികളില്‍ പ്രത്യേകം നിര്‍മ്മിക്കുന്ന കണ്മഷി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.അത്തരം കണ്‍മഷികള്‍ കാഴ്ച, മറ്റു നേത്ര രോഗങ്ങള്‍ക്ക് ശമനം,കണ്‍പോളയിലെ രോമങ്ങളുടെ പോലും ആരോഗ്യം എന്നിവയ്ക്ക് ഫലപ്പെടുന്നു.

മുമ്പൊക്കെ കറ്റ മെതിക്കുമ്പോള്‍ തെറിക്കുന്ന നെല്ല്, തീവണ്ടിയില്‍ നിന്നും വീഴുന്ന കല്‍ക്കരി,കുട്ടിയും കോലും കളി എന്നിവയില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ കൂടുതലായി ഉണ്ടായിരുന്നു. ഇപ്പോള്‍  കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ അമിതമായ ഉപയോഗം കാരണം ഉണ്ടാകുന്ന റിഫ്രാക്ടീവ് എറര്‍, പ്രമേഹരോഗ കാരണം ഞരമ്പിന് ഉണ്ടാകുന്ന കേടുപാടുകളും, ഗ്ലക്കോമ കാരണം കണ്ണിലുണ്ടാകുന്ന പ്രഷറും, നല്ലൊരു പരിധിവരെ തിമിരവുമാണ് കാഴ്ച നഷ്ടപ്പെടുത്തുന്ന കാരണങ്ങള്‍.

എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് കണ്ണിലെ കൃഷ്ണമണിക്ക്  അഥവാ  കോര്‍ണിയയില്‍ മുറിവുണ്ടായാല്‍ അത് കാഴ്ചയെ ബാധിക്കാം.കണ്ണിലെ വെളുത്ത ഭാഗത്ത് ഉണ്ടാകുന്ന മുറിവുകള്‍ക്ക് ഒരു മുറിവിന്റെ പ്രാധാന്യം മാത്രമേ ഉള്ളൂ. എന്നാല്‍ കറുത്ത ഭാഗത്ത് അഥവാ കോര്‍ണിയയില്‍ ഉണ്ടാകുന്ന മുറിവുകള്‍ക്ക് വളരെവേഗം ചികിത്സ തേടണം. കാഴ്ചയെ ബാധിയ്ക്കുന്ന ഒന്നായി അവ മാറാം.

മുറിവുകള്‍ മാത്രമല്ല കെട്ടിടത്തിന്റെ റൂഫ് പെയിന്റ്  ചെയ്യുക, സിമന്റ് തേയ്ക്കുക, സൂപ്പര്‍ ഗ്ലൂ കണ്ണില്‍ വീഴുക തുടങ്ങിയവയും വളരെ ശ്രദ്ധിക്കേണ്ടവ തന്നെ. കെമിക്കലുകള്‍ കൈകാര്യം ചെയ്യുന്നവരും ഇക്കാര്യത്തില്‍ മുന്‍കരുതലെടുക്കണം.

കണ്ണില്‍ നിന്നും കൂടുതലായി വെള്ളം വരികയോ, ചുവക്കുകയോ, കണ്ണ് അടക്കുവാനും തുറക്കുവാനും മുമ്പത്തേക്കാള്‍ പ്രയാസം നേരിടുകയോ വേദന തോന്നുകയോ ചെയ്താല്‍ മൊബൈലിന്റെ അമിത ഉപയോഗം കണ്ണിന് കുഴപ്പമുണ്ടാക്കിയോ എന്ന് ചിന്തിക്കണം.

ആയുര്‍വേദ തുള്ളി മരുന്നുകള്‍ രാത്രിയിലോ  ഉച്ചയ്‌ക്കോ ഉപയോഗിക്കുവാന്‍ പാടില്ല. അഞ്ജനമായി കണ്ണിലെഴുതേണ്ട മരുന്നുകള്‍ വ്യക്തമായ ധാരണയില്ലാതെ കണ്ണിലിറ്റിക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ ചികിത്സാരീതികള്‍ക്കും അതിന്റേതായ പ്രത്യേകതകളും ഉപദേശങ്ങളും ഉണ്ട്. അത് ചികിത്സകനില്‍ നിന്നും മനസ്സിലാക്കിയും നിര്‍ദ്ദേശമനുസരിച്ചും മാത്രമേ ചെയ്യാന്‍ പാടുള്ളൂ.

തലയില്‍ തേയ്ക്കുന്ന എണ്ണയും നേത്രരോഗങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ട്. എണ്ണ നിര്‍മ്മിക്കുന്ന പാകത്തിന് വ്യത്യാസം വന്നാല്‍ അത് കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മാര്‍ക്കറ്റില്‍ കിട്ടുന്ന പല എണ്ണകളും ആയുര്‍വേദം അനുശാസിക്കുന്ന രീതിയില്‍ തയ്യാര്‍ ചെയ്തവയാണെന്ന് വിചാരിക്കരുത്. എന്നാല്‍ പരിസരത്തുനിന്ന് കാണുന്നവയും കിട്ടുന്നവയും പറിച്ചെടുത്ത് 'തലയില്‍ തേക്കാനുള്ള എണ്ണ കാച്ചാം','ഇതേ ചേരുവ തന്നെയാണ് തലമുറകളായി ഞങ്ങള്‍ എണ്ണ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്' എന്നൊക്കെ പറയുന്നവരുണ്ട്. ഇതൊന്നും നല്ലതല്ല. 

വെറുതെ തേയ്ക്കാന്‍ ആണെങ്കില്‍ വെളിച്ചെണ്ണയോ നല്ലെണ്ണയോ ഉപയോഗിക്കാം. ഇവ ചെറുതായി ചൂടാക്കി തണുത്ത ശേഷമാണ് പുരട്ടേണ്ടത്. 

പലര്‍ക്കും മുടി വളരാന്‍ തേയ്ക്കുന്ന എണ്ണ ജലദോഷവും, തലവേദനയ്ക്ക് തേയ്ക്കുന്നത് കൂടുതല്‍ ഉറക്കവും, പല്ലുവേദനയ്ക്ക് തേയ്ക്കുന്നത് ഉറക്കമില്ലായ്മയും ഉണ്ടാക്കുന്നുണ്ട്.ചികിത്കന്റെ നിര്‍ദേശമില്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് ഏതെങ്കിലും ഒരു രോഗത്തിന്  തേയ്ക്കുന്ന എണ്ണ മറ്റൊരുരോഗം കൂടി ഉണ്ടാക്കുന്നത്. ഒരു പ്രത്യേക രോഗത്തിന് തേയ്ക്കുന്ന എണ്ണ രോഗം മാറിയ ശേഷവും വര്‍ഷങ്ങളോളം തുടരുന്നത് ഒട്ടുംതന്നെ നല്ലതല്ല. 

എല്ലാ പ്രായത്തിലും എല്ലാ കാലാവസ്ഥയിലും എല്ലാ രോഗങ്ങളെയും ഒരുപോലെ  ശമിപ്പിക്കുന്നതിന് സാധിക്കുന്ന വിധം തലയ്ക്കും കണ്ണിനും പറ്റിയ ഒരു ഒറ്റമൂലി എണ്ണ നിര്‍ദേശിക്കുക സാധ്യമല്ല. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് കണ്ണിന് നല്ലതല്ല. തലയില്‍ ചൂടുവെള്ളം ഒഴിച്ചാല്‍ വേഗം മുടി കൊഴിയുകയും, നരയ്ക്കുകയും,കാഴ്ച കുറയുകയും ചെയ്യാം.

തലയില്‍ താരന്‍ അഥവാ ഡാന്‍ഡ്രഫ് കൂടുതലായാല്‍ കണ്‍പീലികളുടെ ചുവടെ ചൊറിച്ചിലും ചുവപ്പും വരാം.ഇതിനെ ബ്ലിഫറൈറ്റിസ് എന്ന് പറയുന്നു. കണ്ണിന് ഹിതമല്ലാത്ത കണ്‍മഷി, മസ്‌കാര,  ഐ ലൈനര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ഇപ്രകാരം സംഭവിക്കാറുണ്ട്. നന്നായി ചൊറിയുന്നത് കാരണം കണ്ണ് ശക്തമായി തിരുമ്മുന്നവരില്‍ കോര്‍ണിയല്‍ ഇന്‍ജുറി സംഭവിക്കാറുണ്ട്. ശക്തമായ അലര്‍ജിക് റൈനൈറ്റിസ് അഥവാ തുടര്‍ച്ചയായ തുമ്മല്‍ ഉള്ളവരിലും കണ്‍പോളകളില്‍ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. ശക്തമായി കണ്ണുകള്‍ തിരുമ്മുന്നത് കൂടുതല്‍ അപകടം ഉണ്ടാക്കും.

നേത്രരോഗം ഉള്ളവര്‍ അധികമായ എരിവ്, പുളി, ഉപ്പ്, അച്ചാര്‍,മസാല, ചൂട് എന്നിവ പരമാവധി കുറയ്ക്കുകയും പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ ,ചീര, കറുത്ത മുന്തിരി എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.

സ്ഥിരമായ തലവേദന, വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലവേദന വര്‍ദ്ധിക്കുക, കണ്ണ് വേദന, ക്ലാസ്സില്‍ ബോര്‍ഡില്‍ എഴുതുന്നത് കാണാന്‍ പ്രയാസം, ബോര്‍ഡില്‍  വരയ്ക്കുന്ന വരകള്‍ കൃത്യമായി എണ്ണി തിട്ടപ്പെടുത്തുവാന്‍ കഴിയായ്ക, നിവര്‍ന്നിരിക്കുന്നവ വളഞ്ഞും വളഞ്ഞത് നിവര്‍ന്നും തോന്നുക, വൈകുന്നേരങ്ങളില്‍ തലവേദന കൂടുക തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം കാഴ്ച പരിശോധിപ്പിക്കണം. കിടന്നു വായിക്കുന്നതും, കൃത്യമായ അകലത്തില്‍ അല്ലാത്തവ കാണുവാനായി സ്‌ട്രെയിന്‍ ചെയ്യുന്നതും, കണ്ണ്ചുരുക്കി പിടിച്ചു വായിക്കുന്നതും, ശക്തമായ പ്രകാശത്തിലും പ്രകാശം കുറവുള്ളിടത്തും വായിക്കുന്നതും, ആവശ്യത്തിന് മിഴിചിമ്മാതെ കണ്ണ് തുറന്നു പിടിച്ചിരിക്കുന്നതും, ടിവി കാണുമ്പോഴും വായിക്കുമ്പോഴും ഇടയ്ക്കിടെ  വിശ്രമം കൊടുക്കാതിരിക്കുന്നതും, ഏ.സിയുടെ തണുപ്പോ ഫാനിന്റെ കാറ്റോ ആവശ്യത്തിലധികം കണ്ണിലേക്ക് തട്ടുന്നതുമെല്ലാം കണ്ണിന് പലവിധ അസുഖങ്ങള്‍ ഉണ്ടാക്കും.

വീര്യം കുറഞ്ഞതും വളരെ സുരക്ഷിതവുമായ മരുന്നും ചികിത്സകളുമാണ് നേത്ര സംരക്ഷണത്തിനായി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ക്ക് വരെ വളരെ ഫലപ്രദമായ ചികിത്സ നിര്‍ദ്ദേശിക്കുവാന്‍ ഒരു ആയുര്‍വേദ ഡോക്ടര്‍ക്ക് സാധിക്കും.

 

ഡോ. ഷര്‍മദ് ഖാന്‍

 

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

 

ആയുര്‍വേദ ഡിസ്‌പെന്‌സറി

 

 ചേരമാന്‍ തുരുത്ത്

 

തിരുവനന്തപുരം .

 

Tel Tel9447963481

 




കൂടുതല്‍വാര്‍ത്തകള്‍.